ട്വന്റിഫോര്‍ വാര്‍ത്താസംഘം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: വടക്കഞ്ചേരിയില്‍ ട്വന്റിഫോര്‍ വാര്‍ത്താസംഘം സഞ്ചരിച്ചിരുന്ന കാറിടിച്ച് കാല്‍നടയാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പന്തലാംപാടം മേരി മാത ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഇസാം ഇക്ബാല്‍, മുഹമ്മദ് റോഷന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മംഗലം സ്വദേശികളാണ്.
തൃശൂര്‍ ദേശീയ പാതയില്‍ വാണിയംപാറ നീലിപാറയില്‍ ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നും പാലക്കാട് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വാണിയംപാറ പള്ളിയില്‍ ജുമാ നിസ്ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്താ പരിപാടിക്ക് വേണ്ടി പോയ സംഘമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.