തിരുവല്ല എം.സി റോഡിൽ വിവിധ അപകടങ്ങളിലായി രണ്ട് മരണം
തിരുവല്ല: എം.സി റോഡിൽ ഇടിഞ്ഞില്ലത്തിനും പെരുന്തുരുത്തിക്കും ഇടയിൽ ഞായർ രാത്രി 5 മണിക്കൂറിനുള്ളിൽ 2 അപകടം. കാൽനടയാത്രക്കാരായ 2 പേർ മരിച്ചു. ഇടിച്ച രണ്ടു വാഹനവും നിർത്താതെ പോയി. ഒരു വാഹനം പൊലീസ് പിടിച്ചെടുത്തു. മറ്റൊരു വാഹനവും മരിച്ച ആളെയും തിരിച്ചറിഞ്ഞിട്ടില്ല.
ഇടിഞ്ഞില്ലത്ത് രാത്രി 7.50 നു നടന്ന അപകടത്തിൽ അരമന ഹോട്ടലിലെ പാചകക്കാരൻ കോട്ടയം നട്ടാശ്ശേരി പുറത്തിട്ടയിൽ എസ്. ഷിബു (49) ആണ് മരിച്ചത്. നാരായണൻ്റെയും അമ്മിണിയുടെയും മകനാണ്. 3 ആഴ്ച്‌ച മപൻപാണ് ഇവിടെ ജോലിക്ക് കയറിയത്. വൈകിട്ട് 4 മണിക്ക് മുറിയിൽ വിശ്രമത്തിനു പോയി ഏഴരയോടെ തിരികെ വരുമ്പോൾ ജോലി ചെയ്യുന്ന ഹോട്ടലിനു മുൻപിലായിരുന്നു അപകടം.
ഇടിച്ച കാർ നിർത്താതെ പോയതിനെ തുടർന്ന് സ്‌ഥലത്തെത്തിയ പൊലീസ് സിസിടിവി പരിശോധിച്ച് വാഹനം കണ്ടെത്തി ഡൈവറെ ബന്ധപ്പെട്ട് സ്‌റ്റേഷനിൽ വരുത്തുകയായിരുന്നു. വാഹനം ഓടിച്ച പത്തനംതിട്ട കല്ലറക്കടവ് തുണ്ടിയിൽ അശ്വിൻ (20 ആണ് കീഴടങ്ങിയത്. എൻജിനീയറിങ് വിദ്യാർഥിയാണ്. രണ്ടാമത്തെ അപകടം 12 മണിയോടെ പെരുന്തുരുത്തിയിലാണ്.
ഇവിടെ മരിച്ച ആളെയും ഇടിച്ച വാഹനവും കണ്ടെത്തിയിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഇടിയേറ്റു റോഡിൽ കിടന്നയാളെ സമീപത്തെ ഹോട്ടലുടമയാണ് 108 ആംബുലൻസ് വരുത്തി ആശുപത്രിയിലെത്തിച്ചത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് .