മാവേലിക്കരയിൽ ആളില്ലാത്ത വീട്ടിൽ കയറി മോഷണം : രണ്ടുപേർ പിടിയിൽ
robbery

മാവേലിക്കര: ആളില്ലാത്ത വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 24 പവന്‍ സ്വര്‍ണവും 40,000 രൂപയും മോഷണംപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കായംകുളം കണ്ടല്ലൂര്‍ വടക്ക് പറയന്റെ തറയില്‍ വീട്ടില്‍ ഷാജഹാന്‍ (ഷാജി-48), കീരിക്കാട് കണ്ണമ്പള്ളിഭാഗം മുണ്ടകത്തില്‍ സോഫിന മന്‍സിലില്‍ നാസര്‍ (മണിയപ്പന്‍ നാസര്‍-48) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ നാലിന് കുറത്തികാട് ഹൈസ്‌കൂള്‍ ജങ്ഷനു പടിഞ്ഞാറ് നന്ദനം വീട്ടില്‍ ബിജുവും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയ സമയത്താണ് മോഷണം നടന്നത്. വാതില്‍ തകര്‍ത്ത് അകത്തുകയറിയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചത്. വീടിനു പടിഞ്ഞാറ് പൊന്നേഴ ബാഹുലേയം വീട്ടിലും ഇതേരാത്രി സമാനരീതിയില്‍ മോഷണശ്രമം നടന്നിരുന്നു.

മോഷണംനടന്ന വീടുകളില്‍നിന്ന് സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ സി.സി.ടി.വി. ദൃശ്യങ്ങളോ ലഭിച്ചിരുന്നില്ല. സമീപത്തെ മുന്നൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒരു ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രണ്ടുപേരെ കണ്ടു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രത്യേക അന്വേഷകസംഘം കരീലക്കുളങ്ങരയില്‍നിന്നാണ് ഇവരെ പിടികൂടിയത്.

കുറത്തികാട് ഇന്‍സ്‌പെക്ടര്‍ എസ്. നിസാം, എസ്.ഐ. കെ. സുനുമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സതീഷ്‌കുമാര്‍, ജി. ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷെഫീക്ക്, വി. രഞ്ജിത്, ബിജു മുഹമ്മദ്, സുല്‍ഫിക്കര്‍, സി.പി.ഒ. അരുണ്‍ ഭാസ്‌കര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തി.

Share this story