നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍

Theft by breaking the glass of a parked car: Two arrested
Theft by breaking the glass of a parked car: Two arrested


പാലക്കാട്: മരുതറോഡില്‍ ഹോട്ടലിന് മുന്‍വശം പാര്‍ക്ക് ചെയ്ത ഇന്നോവ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്ത് മൊബൈല്‍ മോഷണം നടത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കോയമ്പത്തൂര്‍ മധുക്കര അറിവോളിനഗര്‍ അംബേദ്കര്‍ സാധുക്കം സ്വദേശികളായ കാര്‍ത്തിക് (24), തമിഴ് വാവണന്‍ (27) എന്നിവരെയാണ് പിടികൂടിയത്. ആഗസ്റ്റ് 23 ന് രാത്രി സഞ്ചാരി ഹോട്ടലിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാറിന്റെ സൈഡ് ഗ്ലാസാണ് തകര്‍ത്തത്.

കവണ ഉപയോഗിച്ച് ദൂരെ നിന്നാണ് ഗ്ലാസ് തകര്‍ത്തത്. തുടര്‍ന്ന് അകത്ത് കയറി ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള മൂന്ന് മൊബൈല്‍ ഫോണും 25,000 രൂപയും കവര്‍ന്നു. ആസൂത്രിതമായ മോഷണം നടത്തിയ പ്രതികളെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് കസബ പോലീസ് വലയിലാക്കിയത്. പ്രതികള്‍ സഞ്ചരിച്ചെത്തിയ വഴിയിലൂടെയും മോഷണം നടത്തിയതിനുശേഷം മടങ്ങിപ്പോയ വഴികളിലൂടെയും സഞ്ചരിച്ചാണ് എല്ലാവിധ തെളിവുകളും ശേഖരിച്ച് പ്രതികള്‍ താമസിച്ചു വന്ന കോയമ്പത്തൂര്‍ ജില്ലയിലെ അറിവോളി നഗര്‍ എന്ന കോളനിയില്‍ കയറി അര്‍ദ്ധരാത്രിയില്‍ പിടികൂടിയത്.

പ്രതികള്‍ക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ കേസുകളുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് കസബ പോലീസ് ഇന്‍സ്‌പെക്ടര്‍ വി. വിജയരാജന്‍, എസ്.ഐമാരായ എച്ച്. ഹര്‍ഷാദ്, ഉദയകുമാര്‍, റഹ്മാന്‍, എ.എസ്.ഐ പ്രിയ, എസ്.സി.പി.ഒമാരായ ജയപ്രകാശ്, സെന്തിള്‍, രഘു, ബാലചന്ദ്രന്‍ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഓടിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Tags