തിരുവനന്തപുരത്തെ ബൈക്ക് മോഷണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ : രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

google news
arrested

വർക്കല: ബൈക്ക് മോഷണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിലായി. സംഘത്തിലെ ഒളിവിൽപോയ രണ്ടുപേരെ പിടികൂടാനായി അന്വേഷണം തുടരുന്നു. മോഷണം പോയ ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ചെറുന്നിയൂർ അയന്തി ജാൻസി മന്ദിരത്തിൽ ഷിജോ (20), വക്കം ഇറങ്ങുകടവ് പുളിവിളാകം ക്ഷേത്രത്തിന് സമീപം കായൽവിളുമ്പ് വീട്ടിൽ ഷിജു (20), വെട്ടൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി എന്നിവരാണ് വർക്കല പൊലീസിന്റെ പിടിയിലായത്. 

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും വർക്കല, നടയറ, പുല്ലാന്നിക്കോട് ഭാഗങ്ങളിൽ നിന്നുമാണ് സംഘം ബൈക്കുകൾ മോഷ്ടിച്ചെടുത്ത് കടത്തിയത്. ബജാജ് പൾസർ, 220 എൻ.എസ്, യമഹ വി ത്രീ ഇനങ്ങളിൽപെട്ട വിലകൂടിയ ബൈക്കുകളാണ് സംഘം മോഷ്ടിച്ചെടുത്തത്.

മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും നിറംമാറ്റിയുമാണ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉപയോഗിച്ചിരുന്നത്. പുല്ലാന്നിക്കോട്ടുനിന്ന് അസീബയുടെ ഉടമസ്ഥതയിലുള്ള 220 എൻ.എസ് ബൈക്കിന്റെ ലോക്ക് തകർത്ത ശേഷം ഉരുട്ടിക്കൊണ്ടുപോകുകയും കണ്ണമ്പയിലെത്തിച്ച ശേഷം കടത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വി കാമറകളിൽ നിന്നു ശേഖരിച്ചാണ് അേന്വഷണം നടത്തിയത്.

മോഷണസംഘത്തിലെ മറ്റ് രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുന്നുണ്ട്. കൂടുതൽ വാഹനങ്ങൾ സംഘം മോഷ്ടിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദേശാനുസരണം വർക്കല സി.ഐ സനോജ് എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി.ആർ, ശരത്.സി, അസി.സബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, പൊലീസുകാരായ സനൽ, ഷിജു, പ്രശാന്തകുമാരൻ, ഷജീർ, റാം ക്രിസ്റ്റിൻ എന്നിവരുൾപ്പെട്ട സംഘമാണ് മോഷണ സംഘത്തെ പിടികൂടിയത്.
പ്രതികളെ റിമാൻഡ് ചെയ്തു. വിദ്യാർഥിയെ ജുവനൈൽ ഹോമിലുമാക്കി.
 

Tags