തിരുവനന്തപുരത്ത് പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : പ്രതിക്ക് അഞ്ച് വര്‍ഷം തടവ്
court

തിരുവനന്തപുരം : പതിനൊന്ന് വയസുകാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും. 2015 ല്‍ കല്ലമ്പലം പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ നടന്ന വിചാരണയിലാണ് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാല്‍ ശിക്ഷ വിധിച്ചത്.

കല്ലമ്പലം ചരുവിളവീട്ടില്‍ ബാബുവാണ് പ്രതി. കുട്ടിയെ തന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രതി അതിക്രമം കാട്ടിയത്. ലൈംഗികാതിക്രമം നടന്നവിവരം കുട്ടി അമ്മയെ അറിയിച്ചതിനെത്തുടര്‍ന്ന് കല്ലമ്പലം പൊലീസില്‍ പരാതി നല്‍കുകകായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 10 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

പിഴത്തുകയില്‍ 15,000 രൂപ അതിക്രമിത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.മുഹസിന്‍ ഹാജരായി.

Share this story