തൃശൂരില്‍ ടിടിഇയെ കൊലപ്പെടുത്തിയ സംഭവം; പോസ്റ്റുമോര്‍ട്ടം ഇന്ന്

tte

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍ വിനോദിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. പ്രതി രജനികാന്തയെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാവിലെ ഒന്‍പത് മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേക്ക് കടക്കുക. ഏറ്റവും പ്രധാനപ്പെട്ട ഡോക്ടര്‍മാരുടെ സംഘമായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക. തെളിവെടുപ്പുള്‍പ്പടെയുള്ള നടപടികള്‍ രാവിലെ തുടങ്ങും. കഴിഞ്ഞ ദിവസം തന്നെ പ്രതിയെ തൃശൂര്‍ റെയില്‍വെ പൊലീസിന്റെ ഓഫീസില്‍ എത്തിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.
തൃശൂര്‍ കുന്നംകുളത്തുള്ള ഒരു ഹോട്ടലില്‍ തൊഴിലാളിയായിരുന്നു രജനികാന്ത എന്നാണ് വിവരം. തൃശൂരില്‍ നിന്നായിരുന്നു രജനികാന്ത ട്രെയിന്‍ കയറിയത്. ട്രെയിന്‍ ഏകദേശം അഞ്ച്ആറ് കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് സംഭവത്തിന് തുടക്കം കുറിച്ചത്. പിന്നാലെ ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ടിടിമാരുടെ പ്രതിഷേധം കഴിഞ്ഞ ദിവസം രാത്രി തന്നെ ഉണ്ടായിരുന്നു. തുടര്‍ സമരങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയിലാണ് ടിടിഇ എക്‌സാമിനേഴ്‌സ്. 
തൃശ്ശൂര്‍ വെളപ്പായയിലാണ് ടിടിഇയെ ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നത്.  ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് ടിടിഇ കെ വിനോദിനെ കൊലപ്പെടുത്തിയത്. 
 

Tags