വേനൽക്കാലം മുന്നിൽ കണ്ട് ജലസംരക്ഷണത്തിനായി 2,000 കുളങ്ങളുമായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

kulam

തിരുവനന്തപുരം : വേനൽക്കാലം മുന്നിൽ കണ്ട് ജലസംരക്ഷണത്തിൽ മാതൃകപരമായ പ്രവർത്തനങ്ങളുമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി 2,000 കുളങ്ങളാണ് നിർമിക്കുന്നത്. ആദ്യഘട്ടമായി ലോകജലദിനമായ മാർച്ച് 22ന് 1,000 കുളങ്ങളുടെ പൂർത്തീകരണവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം വാമനപുരം ഗ്രാമപഞ്ചായത്തിലെ കളമച്ചൽ വാർഡിലെ അയിലത്തുവിളാകം ചിറയിൽ മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.

തുടർന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാർ അല്ലെങ്കിൽ മറ്റ് വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിലും ഗ്രാമപഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്റെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കും. ഭൂഗർഭജല നിരപ്പിലുണ്ടായിട്ടുള്ള കുറവ്, ഉപ്പ് വെള്ളത്തിന്റെ കടന്നു കയറ്റം എന്നീ വെല്ലുവിളികൾക്കിടയിൽ ജലസംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ചും അവബോധം സൃഷിക്കുകയാണ് ലക്ഷ്യം.

കുളങ്ങൾക്ക് പുറമേ തടയണകൾ,മഴക്കുഴികൾ, മഴവെള്ള റീചാർജ് സംവിധാനങ്ങൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വർഷം 55,668 പ്രവൃത്തികളിലായി 304.35 കോടി രൂപയാണ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്.

Share this story