തൃപ്പൂണിത്തുറ സ്‌ഫോടനം : പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

google news
veena

കൊച്ചി: തൃപ്പൂണ്ണിത്തുറയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തില്‍ 16 പേരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ നാല് പേര്‍ അത്യാഹിത വിഭാഗത്തിലാണ്. വലിയ സ്‌ഫോടനമാണുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സമീപത്തെ വീടുകളിലുണ്ടായിരുന്നവര്‍ക്കും പരുക്ക് സംഭവിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പരുക്കറ്റവരെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണ് സമീപ വാസികള്‍ പറയുന്നത്.സ്‌ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകള്‍ ഉണ്ടായിരുന്നു. ഇവരില്‍ പലര്‍ക്കും ചെറിയ രീതിയില്‍ പരുക്കേറ്റിട്ടുണ്ട്. കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ കൂടി എത്തിയാണ് തീ അണച്ചത്.

Tags