തൃപ്പൂണിത്തുറയിൽ ഫോട്ടോ ഷൂട്ടിനെത്തിയ നവദമ്പതികളെ ആക്രമിച്ച സംഭവം ; ഒരാൾ പിടിയിൽ

police
police

തൃപ്പൂണിത്തുറ: മുളന്തുരുത്തി ഫോട്ടോ ഷൂട്ടിനെത്തിയ നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഒരാളെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കലവത്ത് അരീസ് ബാബു (32)നെയാണ് പിടികൂടിയത്.

 ഞായറാഴ്ച പകൽ 2ന് എടയ്ക്കാട്ടു വയൽ ഒലിപ്പുറത്ത് തലയോലപറമ്പ് സ്വദേശികളായ അരുൺ വിജയൻ, ഭാര്യ അശ്വതി രാജ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സഹോദരങ്ങളായ ആമ്പല്ലൂർ കലവത്ത് ഹാഷിം ബാബു (34) അരീസ് ബാബു (32) എന്നിവർ ചേർന്നാണ് ദമ്പതികളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്.

ദമ്പതികൾ ഒലിപ്പുറം റോഡരികിൽ കാർ പാർക്ക് ചെയ്ത ശേഷം സമീപത്ത് ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ ബൈക്കിൽ എത്തിയ പ്രതികൾ ദമ്പതികളെ അസഭ്യം പറഞ്ഞു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഒന്നാം പ്രതി അരീസ് ബാബു ഹെൽമറ്റ് വച്ച് അരുണിനെ അടിക്കുകയും അശ്വതിയെ മർദ്ദിക്കുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ സംഭവത്തിൻ്റെ വീഡിയോ ദൃശ്യം ദമ്പതികൾ എടുത്തിരുന്നു. പരിക്കേറ്റ ദമ്പതികൾ ആരക്കുന്നം എപിവർക്കി മിഷനിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ അരീസിനെ മുളന്തുരുത്തി ഇൻസ്പെക്ടർ മനേഷ് കെ പൗലോസ് കാഞ്ഞിരമറ്റത്ത് നിന്നും അറസ്റ്റു ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊൻകുന്നത്ത് താമസിക്കുന്ന ഹാഷിം ഒളിവിലാണ്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതപ്പെടു ത്തിയതായി പൊലീസ് പറഞ്ഞു. കാഞ്ഞിരമറ്റത്ത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സഹോദരങ്ങൾ മദ്യപിക്കാനായിട്ടാണ് ഒലിപ്പുറം ഭാഗത്തെത്തിയത്. മദ്യപിച്ച ശേഷമാണ് ഇരുവരും ദമ്പതികളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Tags