വിചാരണക്കോടതി ജ‍ഡ്ജിയെ മാറ്റണം : ആവശ്യവുമായി അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നല്‍കി
highcourt-kerala

കൊച്ചി : നടിയെ ക്വട്ടേഷൻ പ്രകാരം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ  വിചാരണക്കോടതി ജ‍ഡ്ജിയെ മാറ്റണമെന്ന് അതിജീവിത. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി.

കേസ് പുതിയ ജഡ്ജി കേള്‍ക്കണം, പുരുഷനായാലും പ്രശ്നമില്ലെന്ന് അതിജീവിത അപേക്ഷയിൽ പറയുന്നു. വിചാരണ കോടതി ജ‌ഡ്‌ജിക്കെതിരെ നേരത്തെയും അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. അന്വേഷണം തടസ്സപ്പെടുത്തിയെന്നും  പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങൾ അതിജീവിത ഹൈക്കോടതിയിൽ നേരത്തെ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിചാരണ പ്രത്യേക സിബിഐ കോടതിയിൽനിന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകിയത്. സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് തന്നെയാണു തുടർന്നും വിചാരണ നടത്തുക. ജഡ്ജി ഹണി എം. വർഗീസിനെ മാറ്റി നിർത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. സിബിഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷനൽ ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്ണനെ സ്ഥലം മാറ്റി നിയമിച്ചിരുന്നു. തുടർന്നു ഹണി എം. വർഗീസിനു സിബിഐ കോടതിയുടെ ചുമതല ഒഴിയേണ്ടി വന്നതിനാലാണു കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റുന്നത്.

Share this story