പന്തീരാങ്കാവ് കേസിലെ മൊഴിമാറ്റം ; അന്വേഷണത്തെ ബാധിക്കില്ലെന്നും പൊലീസ്

rahul

പന്തീരാങ്കാവ് പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയാകാം മൊഴിമാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങള്‍ തള്ളി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുല്‍ നിരപരാധിയാണെന്നുമായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നല്‍കിയോ ആകാമെന്നുമാണ് പൊലീസ് പറയുന്നത്.

രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെതിരെ മൊഴി നല്‍കിയതെന്ന് യുവതി പറയുമ്പോള്‍ മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി മൊഴിമാറ്റി. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്. തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യമെന്നും യുവതി നേരിട്ട് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Tags