പെൺവാണിഭം: മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗം പരാതി ചോർത്തിയെന്ന് അതിജീവിത, അന്വേഷണം ആരംഭിച്ചു

investigation

കൊല്ലം: ജോലി വാഗ്ദാനംചെയ്ത്‌ ഖത്തറിലെത്തിച്ച്   പെൺവാണിഭത്തിന് ഉപയോഗിച്ചെന്നു കാട്ടി അതിജീവിതകളിലൊരാളായ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുളത്തൂപ്പുഴ പോലീസ്  അന്വേഷണം ആരംഭിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ഓഫീസിലേക്ക് ഇ-മെയിൽ വഴി യുവതി നൽകിയ പരാതി ആരോപണവിധേയന്‌ ചോർത്തിയതായും പരാതിയിലുണ്ട്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗം പരാതി ചോർത്തിക്കൊടുത്തെന്നാണ്‌ കുളത്തൂപ്പുഴ സ്വദേശിയായ യുവതി മുഖ്യമന്ത്രിക്കും മറ്റ് ഉന്നതർക്കും നൽകിയ പരാതിയിൽ പറയുന്നത്.

കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരേയാണ്‌ പീഡനപരാതി. സുധീപിന്റെ പേരിൽ കുളത്തൂപ്പുഴ പോലീസ് പീഡനത്തിന്‌ കേസെടുത്തിട്ടുണ്ട്.

ജോലിക്കെന്നു പറഞ്ഞ് ലക്ഷങ്ങൾ ഈടാക്കിയശേഷം മകളെ ഖത്തറിലേക്ക് കൊണ്ടുപോയി ഫ്ലാറ്റിൽ താമസിപ്പിച്ചതായും പീഡനത്തിനിരയാക്കിയശേഷം പരിചയക്കാർക്ക് നൽകി സുധീപ്ചന്ദ്രൻ പണം സമ്പാദിച്ചുവരികയാണെന്നും ഫെബ്രുവരി 12-ന് യുവതിയുടെ അമ്മ കുളത്തൂപ്പുഴ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകളുടെ ശമ്പളം എന്ന പേരിൽ സുധീപിൻറെ അക്കൗണ്ടിൽനിന്നാണ്‌ തനിക്ക് പണം അയച്ചിരുന്നതെന്നും പരാതിയിലുണ്ട്. 2021 നവംബറിലാണ് യുവതി ഖത്തറിലേക്ക്‌ പോയത്.

Tags