പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

Traditional medical treatment
Traditional medical treatment

ക്വാളിറ്റി കൗൺസിൽ ഓപ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കിൽഡ് വർക്കേഴ്സ് (CCTC) എന്ന സംഘടന പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സാനുമതി നൽകി കൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിട്ടുള്ള പത്രവാർത്ത കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2021, പ്രകാരം കേരളത്തിൽ ചികിത്സ നടത്തുന്നതിനുള്ള അനുമതി അംഗീകൃത യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉളളവർക്ക് മാത്രമാണ്. 2018 ലെ സുപ്രീം കോടതി വിധി പ്രകാരം അംഗീകൃത യോഗ്യത ഇല്ലാത്തവർക്ക് ചികിത്സിക്കാൻ അനുവാദം കൊടുക്കാൻ പാടുള്ളതല്ല എന്നും അത്തരക്കാർക്കെതിരെ നടപടി എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നിലവിലെ കെഎസ്എംപി നിയമം 2021 ലെ 37 വകുപ്പും ഉപവകുപ്പുകളും പ്രകാരം അംഗീകൃതയോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഇല്ലാത്തവർ ചികിത്സ നടത്തിയാൽ 2 ലക്ഷം രൂപ മുതൽ പരമാവധി 10 ലക്ഷം രൂപ വരെ പിഴയോ 1 വർഷം മുതൽ 4 വർഷം വരെ തടവോ രണ്ടും കൂടിയോ ഉള്ള ശിക്ഷ കുറ്റത്തിനനുസരിച്ച് ലഭിച്ചേക്കാവുന്ന കുറ്റമാണ്. കൂടാതെ ഐപിസി 1860 ലെ നമ്പർ 45 ലെ അധ്യായം XVI പ്രകാരമുള്ള വകുപ്പും കുറ്റത്തിനനുരിച്ച് ചേർക്കാവുന്നതാണ്. ഇത്തരത്തിൽ അല്ലാതെയുള്ള ഏത് ചികിത്സയും വ്യാജ ചികിത്സയായിട്ടാണ് കണക്കാക്കുന്നത്. ആയതിനാൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അംഗീകൃത യോഗ്യതയും ഇല്ലാതെ ചികിത്സിക്കുന്നവർക്കെതിരെ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2021, പ്രകാരം നടപടിയെടുക്കുന്നതാണ് എന്ന വിവരം കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ പത്രക്കുറിപ്പിൽ അറിയിച്ചു.

Tags