മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിട നിര്‍മാണം തൃശൂര്‍ കുന്നംകുളം നഗരസഭയില്‍ വിജിലന്‍സ് പരിശോധന
vigilance

തൃശൂര്‍: കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിട നിര്‍മാണത്തിന് നഗരസഭ അനുമതി നല്‍കിയെന്ന പരാതിയില്‍ കുന്നംകുളം നഗരസഭയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ലൂയിസ്, ഉദ്യോഗസ്ഥരായ രഞ്ജിത്ത്, അരുണ്‍, സരിത എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നഗരസഭയില്‍ പരിശോധന നടത്തിയത്.

കുന്നംകുളം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ കെട്ടിടമാണ് കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കാണിച്ച് സ്വകാര്യ വ്യക്തി വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ രാവിലെ നഗരസഭയിലെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ഫയലുകള്‍ പരിശോധിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടത്തില്‍ പരിശോധന നടത്തുകയും ചെയ്തത്.
 

Share this story