തൃശ്ശൂരിൽ പോക്സോ കേസിൽ 44കാരന് 10 വർഷം തടവ്
ഇരിങ്ങാലക്കുട: ഒമ്പതുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 44കാരന് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കോടശ്ശേരി സ്വദേശി സുകുമാരനെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജി വിവീജ സേതുമോഹൻ ശിക്ഷിച്ചത്.
പിഴ തുക അതിജീവിതക്ക് നൽകാൻ ഉത്തരവിലുണ്ട്. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെയും 18 രേഖകളും പ്രതിഭാഗത്തുനിന്ന് രണ്ട് സാക്ഷികളെയും ഒരുരേഖയും തെളിവുകളായി ഹാജരാക്കിയിരുന്നു.
ചാലക്കുടി പൊലീസ് എസ്.ഐ ബി.കെ. അരുൺ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ തൃശൂർ റൂറൽ വനിത പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായിരുന്ന പി.ആർ. ഉഷ, പി.എം. സന്ധ്യാദേവി എന്നിവരാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫിസറും ലെയ്സൺ ഓഫിസറുമായ ടി.ആർ. രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രതിയെ തൃശൂർ ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്തു.