പൂരങ്ങളിൽ ആനയെ എഴുന്നെള്ളിപ്പിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണം; തൃശൂർ ജില്ലാ കലക്ടർ

elephant pooram

തൃശൂര്‍: ആനയെ എഴുന്നെള്ളിപ്പിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണമെന്ന് തൃശൂർ ജില്ലാ കളക്ടർ. കഴിഞ്ഞദിവസം ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ആന എഴുന്നെള്ളിപ്പിന് സുരക്ഷാ മുൻകരുതൽ കർശനമാക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ആന എഴുന്നെള്ളിപ്പ് നടത്തേണ്ടതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാൽ നിയന്ത്രിക്കാൻ മയക്കുവെടി വിദഗ്ധനടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം ആറാട്ടുപുഴ പൂരത്തിന് ആന എഴുന്നെള്ളിപ്പ് മാനദണ്ഡങ്ങൾ പാലിച്ചാണോ നടന്നത് എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഇക്കാര്യം പരിശോധിച്ച് അറിയിക്കണം. ആനകൾക്ക് പൊതുജനത്തിൽ നിന്ന് പ്രകോപനമുണ്ടാകുന്നില്ലെന്ന്  ദേവസ്വം ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്. കൂടാതെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ആവശ്യമായ സംവിധാനം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags