തൃശ്ശൂരിൽ അമ്മയും മകനും പുഴയില്‍ ചാടി മരിച്ചു
sksk

തൃശൂര്‍: കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം പുഴയില്‍ ചാടി അമ്മയും മകനും മരിച്ചു. കേച്ചേരി ചിറനെല്ലൂര്‍ സ്വദേശിനി ഹസ്‌ന (30), മകന്‍ നാലു വയസുള്ള റോണക്ക് ജഹാന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കുന്നംകുളം പോലീസും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു. രാവിലെ മകന്‍ പഠിക്കുന്ന അങ്കണവാടിയിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞാണ് ഹസ്‌ന മകനേയും കൂട്ടി വീട്ടില്‍നിന്നും ഇറങ്ങിയത്.

പിന്നീട് മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു. ഹസ്‌നക്ക് കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഭര്‍ത്താവ് കോട്ടാല്‍ സ്വദേശിയായ റിജേഷുമായി തെറ്റിപ്പിരിഞ്ഞ് നാല് വര്‍ഷമായി സ്വന്തം വീട്ടിലാണ് മകനുമായി താമസിച്ചിരുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയാണ്.

മകന് കേള്‍വി സംബന്ധമായ പ്രശ്‌നമുണ്ടായിരുന്നത് ഹസ്‌നയുടെ മനോവിഷമത്തിന് കാരണമായിരുന്നു. കൂടാതെ സഹോദരനുമായി സ്വത്ത് സംബന്ധിച്ച് തര്‍ക്കവുമുണ്ടായിരുന്നു. മൃതദേഹങ്ങള്‍ ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
 

Share this story