തൃശ്ശൂരിൽ സിഗ്‌നല്‍ തെറ്റിച്ച് വന്ന ലോറിയിടിച്ച് ഒരാള്‍ മരിച്ചു : ഒരാള്‍ക്ക് പരുക്ക്
accidentthrissur

തൃശൂര്‍: ദേശീയപാത നടത്തറ സിഗ്‌നല്‍ ജങ്ഷനില്‍ ചുവന്ന ലൈറ്റ് കത്തിക്കൊണ്ടിരിക്കെ മുന്നോട്ട് വന്ന ലോറിയിടിച്ച് ഒരാള്‍ മരിച്ചു. യുവതിക്ക് പരുക്ക് പറ്റി. പൊന്നൂക്കര സ്വദേശി ചക്കാലപറമ്പില്‍ സേതുമാധവന്റെ മകന്‍ മണികണ്ഠന്‍ (38) ആണ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരി  എളംതുരുത്തി സ്വദേശിനി അമ്പാടിക്കല്‍ വീട്ടില്‍ മിനി (42) ക്കാണ് പരുക്ക് പറ്റിയത്. ഇവരെ തൃശുര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാവിലെ 10.30 നാണ് അപകടം. മണ്ണുത്തി ഭാഗത്ത് നിന്ന് സിമെന്റ് മിശ്രിതം കയറ്റി വന്ന ലോറി സിഗ്‌നല്‍ മാറിയ ഉടനെ മുന്നോട്ട് നിങ്ങിയതോടെ റോഡ് കുറുകേ കടന്ന രണ്ട് സ്‌കൂട്ടറുകളില്‍
ഇടിക്കുകയായിരുന്നു. 

മണികണ്ഠന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. നടത്തറയിലെ
ആക്ട്‌സ് പ്രവര്‍ത്തകര്‍ പരുക്ക് പറ്റിയ മിനിയെയും മരിച്ച മണികണ്ഠനെയും ആശുപത്രികളില്‍ എത്തിച്ചു. പ്രശസ്ത മദ്ദള കലാകാരനായിരുന്ന തൃക്കൂര്‍ രാജന്റെ കൊച്ചുമകളുടെ ഭര്‍ത്താവാണ് മരിച്ച മണികണ്ഠന്‍. അമ്മ: ഇന്ദിര. ഭാര്യ: അശ്വതി. മക്കള്‍: അഭിനവ്, ആദിദേവ്, ദേവിക. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും.

Share this story