തൃശ്ശൂരിൽ ബൈക്ക് യാത്രികരായ യുവദമ്പതികൾ ബസിടിച്ച് മരിച്ചു

google news
accident

തൃശൂർ: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിൽനിന്ന് നാട്ടിലെത്തിയ യുവാവും ഭാര്യയും ബൈക്കപകടത്തിൽ മരിച്ചു. ദേശീയ പാതയിൽ ചാവക്കാട് ചേറ്റുവ സ്കൂളിന് സമീപം ബസ് ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. 

ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകൻ മുനൈഫ്(32) ഭാര്യ മുംബൈ സ്വദേശി സുവൈബ(22) എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് മുനൈഫ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാടേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിൽ ഓടുന്ന സ്വകാര്യബസും ബൈക്കും ഒരേ ദിശയിൽ വരികയായിരുന്നു. എതിരേ വന്ന വാഹനം ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി ഇരുവരും ബസിനടിയിലേക്ക് മറിയുകയായിരുന്നു. ബസ് കയറിയിറങ്ങിയാണ് മുനൈഫും സുവൈബയും മരിച്ചത്.

മുനൈഫിന്‍റെ സഹോദരിയുടെ വിവാഹം തിങ്കളാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി വെള്ളിയാഴ്ചയാണ് മുനൈഫ് ദുബായിൽനിന്ന് നാട്ടിലെത്തിയത്. സുവൈബ ഒരാഴ്ച മുമ്പും നാട്ടിലെത്തിയതായിരുന്നു. നാലു വർഷം മുമ്പാണ് മുനൈഫും സുവൈബയും വിവാഹിതരായത്. മുനൈഫിന്‍റെ സഹോദരൻ വിവാഹം പ്രമാണിച്ച് ഇന്ന് നാട്ടിലെത്താനിരിക്കെയാണ് ദുരന്ത വാർത്ത പുറത്തുവന്നത്. വിവാഹ ഒരുക്കത്തിലായിരുന്ന വീട്ടിൽ മുനൈഫിന്‍റെയും ഭാര്യയുടെയും മരണവാർത്ത അറിഞ്ഞു കൂട്ടനിലവിളി ഉയർന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags