തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടുത്ത ബുധനാഴ്ച് ​​​​​​​
kakkanadu

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടുത്ത ബുധനാഴ്ച്തൃക്കാക്കരയിലെ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള സിപിഐഎമ്മിന്റെ നിര്‍ണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടുത്ത ബുധനാഴ്ച്ച ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത് കൊണ്ട് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമ സ്ഥാനാര്‍ത്ഥി ചിത്രം തെളിയും. തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലില്‍ ജില്ലയിലെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്നോടിയായി എന്‍ ഡി എ യോഗം നാളെ കൊച്ചിയില്‍ ചേരും.


മെയ് മാസം തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന വിലയിരുത്തലില്‍ ഒരുക്കങ്ങള്‍ തകൃതിയാക്കുകയാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞില്ലെങ്കിലും എല്‍ ഡി എഫും, യു ഡി എഫും ,എന്‍ ഡി എയും തെരഞ്ഞെടുപ്പ് ചുമതലകള്‍ വീതിച്ച് നല്‍കിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത് കൊണ്ട് 27 ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ ധാരണയാകും.  സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ നേതാവ് കെ.എസ്.അരുണ്‍കുമാര്‍, കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ.ജെ.ജേക്കബ്, ഭാരത മാതാ കോളജ് മുന്‍ അധ്യാപിക കൊച്ചുറാണി ജോസഫ് തുടങ്ങിയ പേരുകള്‍ സാധ്യത പട്ടികയിലുണ്ട്. 

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ കല്ലുകടി തുടരുന്നു. തങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ, പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ അതൃപ്തരാണ് എറണാകുളം ജില്ലയിലെ നേതാക്കള്‍. ജില്ലയിലെ നേതാക്കളെ വിശ്വാസത്തിലെടുക്കാതെ രണ്ട് പേര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ പ്രവര്‍ത്തിക്കാനും ജയിപ്പിക്കാനും അവര്‍ മാത്രമേയുണ്ടാകുവെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കളും അതൃപ്തരാണ്. ദീപ്തി മേരി വര്‍ഗീസ്, ഡൊമനിക് പ്രസന്റേഷന്‍, ടോണി ചെമ്മണി, അബ്ദുള്‍ മുത്തലിബ്, ജയ്‌സന്‍ ജോസഫ്, മുഹമ്മദ് ഷിയാസ് തുടങ്ങിയ നേതാക്കള്‍ക്കായും ചരട് വലി ശക്തമാണ്. 

എ.എന്‍.രാധാകൃഷ്ണന്‍, സി.വി. സജിനി, സ്മിത മേനോന്‍, ഒ എം ശാലീന, ടി.പി.സിന്ധു മോള്‍ തുടങ്ങിയവരാണ് ബിജെപി സാധ്യത പട്ടികയില്‍. നാളെ എന്‍ ഡി എ ജില്ലാ യോഗം കൊച്ചിയിലും മണ്ഡലം യോഗം തൃക്കാക്കരയിലും ചേരും. യോഗത്തില്‍ തൃക്കാക്കരയില്‍ ബിജെപി തന്നെ മത്സരിക്കേണ്ടതിലെ രാഷ്ട്രീയ മാനം ഘടകകക്ഷികളെ ബോധ്യപ്പെടുത്തും.

Share this story