നെയ്യാറ്റിന്‍കരയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവം ; സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

suicide

നെയ്യാറ്റിന്‍കരയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കൂട്ടപ്പന മഹാദേവര്‍ ക്ഷേത്രത്തിന് സമീപം അറപ്പുരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന മണിലാല്‍(52), ഭാര്യ സ്മിത(45), മകന്‍ അഭിലാല്‍(22) എന്നിവരുടെ മരണത്തിലാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിനെതിരെ ആരോപണം ഉയരുന്നത്. കടബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് സ്മിത ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.

മകന്റെ പഠനാവശ്യത്തിനായി അമരവിളയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ സ്ഥാപനത്തിലെ ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്മിത രണ്ടുമാസം മുമ്പ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.ഡ്രൈവറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് തിരുമല സ്വദേശിയായ മണിലാല്‍.

ഭാര്യ സ്മിത പനച്ചമൂട് സ്വദേശിയാണ്. അഭിലാല്‍ പോളിടെക്‌നിക്കില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. മണിലാലിന് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കടബാധ്യതയുണ്ടായി. അതിനിടെ മകന്റെ പഠനാവശ്യത്തിനായി സ്മിത അമരവിളയിലെ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഈ തുക യഥാസമയം അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

സ്ഥാപനത്തിലെ ജീവനക്കാരന്‍ താന്‍ ജോലിചെയ്യുന്ന ആലുംമൂട്ടിലെ തുണിക്കടയിലെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മാര്‍ച്ച് മാസത്തില്‍ സ്മിത നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സാമ്പത്തിക ബാധ്യത കാരണമാണ് ജീവനൊടുക്കുന്നതെന്ന് സ്മിത എഴുതിയ ആത്മഹത്യാകുറിപ്പിലുമുണ്ട്.


ഞായറാഴ്ച രാത്രി പത്തരയോടെ ജീവനൊടുക്കിയത്. ജീവനൊടുക്കാന്‍ പോകുന്ന വിവരം വാര്‍ഡ് കൗണ്‍സിലറായ കൂട്ടപ്പന മഹേഷിനെയും അറിയിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ഇവരുടെ വീട്ടിലെത്തുമ്പോള്‍ പുറത്ത് മണിലാല്‍ കുപ്പിയില്‍ കരുതിയ ദ്രാവകം കുടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇത് തട്ടിക്കളഞ്ഞശേഷം കൂട്ടപ്പന മഹേഷ് വീടിനകത്ത് കയറിനോക്കുമ്പോഴാണ് സ്മിതയെയും മകന്‍ അഭിലാലിനെയും അവശനിലയില്‍ കണ്ടത്. ഇതിനിടെ മണിലാലും വിഷം കഴിച്ച് ബോധരഹിതനായി. തുടര്‍ന്ന്, പോലീസിനെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കു ശേഷം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

Tags