സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് റഷ്യൻ യുദ്ധമുഖത്ത് എത്തിച്ചു; കടത്തപ്പെട്ട മൂന്ന് മലയാളികളിൽ ഒരാൾക്ക് ഗുരുതര പരിക്ക്

google news
russia

തിരുവനന്തപുരം: റഷ്യൻ യുദ്ധമുഖത്ത് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധഭൂമിയിലേക്ക് കടത്തപ്പെട്ടവരിൽ ഒരാൾക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ (25), പ്രിന്‍സ് സെബാസ്റ്റ്യൻ (24), വിനീത് സില്‍വ(24) എന്നിവരാണ് റഷ്യയില്‍ എത്തി യുക്രൈനെതിരായ യുദ്ധത്തില്‍ കൂലിപ്പടയാളികളാകാന്‍ നിര്‍ബന്ധിതരായത്. ഇതിൽ പ്രിന്‍സ് സെബാസ്റ്റ്യനാണ് വെടിയേറ്റത്.

പ്രിന്‍സിന് തലയ്ക്കാണ് വെടിയേറ്റത്. വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. മൈന്‍ പൊട്ടിത്തെറിച്ച് ഇയാളുടെ കാല്‍ തകര്‍ന്നിട്ടുമുണ്ട്. ടാങ്കില്‍ സഞ്ചരിക്കവേയാണ് പ്രിന്‍സിന് വെടിയേറ്റത്. മറ്റ് രണ്ടുപേരും ഇപ്പോഴും യുദ്ധമുഖത്താണ്. വെടിയേറ്റ പ്രിന്‍സിന്റെ അവസ്ഥ മോശമാണെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവരാണ് റഷ്യയിലേക്ക് കടത്തപ്പെട്ട മൂന്നുപേരും. 

തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. മനുഷ്യക്കടത്ത് എന്നാണ് ബന്ധുക്കളുടെ ആരോപണം. മികച്ച ശമ്പളവും ജോലിയും വാ​ഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. റഷ്യയിലെത്തിയ ഇവർ ആദ്യത്തെ ഒരാഴ്ച വീട്ടിലേക്ക് ഫോൺ വിളിക്കുകയും കുടുംബത്തോട് സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്ത ശേഷം 15 ദിവസത്തോളം സൈനിക പരിശീലനം നൽകിയതായും ബന്ധുക്കൾ പറയുന്നു.

സമാനമായ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഇത്തരത്തില്‍ റഷ്യയിലേക്ക് കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കാന്‍ റിക്രൂട്ടിങ് നടന്നിരുന്നു. മലയാളിയായ ഏജന്റാണ് ഇവരെ ചതിച്ചത് എന്നാണ് ആരോപണം. സംഭവത്തില്‍ ഇവരുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഏഴ് ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഏജന്റ് റഷ്യയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി വാങ്ങിയത്. റഷ്യന്‍ റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ ദേശീയ തലത്തില്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് മക്കള്‍ ഇത്തരത്തിൽ റഷ്യയിലെത്തിയ വിവരം വീട്ടുകാര്‍ പറയുന്നത്.