'മര്യാദക്കുള്ള കോടിയൊക്കെ പറ, ഇതെന്തുവാ 100 കോടിയൊക്കെ, ഇത്രയും കൊടുത്ത് വാങ്ങാനുള്ള അത്രയും വലിയ അസറ്റാണോ ആന്റണി രാജുവൊക്കെ? ; തോമസ് കെ. തോമസ്
തിരുവനന്തപുരം : 100കോടി ഒരാൾ ഓഫർ ചെയ്യണമെന്നുണ്ടെങ്കിൽ ആദ്യം താൻ അവരുടെ കൂടെ ഉള്ളയാൾ ആകണ്ടേയെന്നും ആദ്യം തന്നെ വിലക്ക് വാങ്ങണ്ടേയെന്നും തോമസ് കെ. തോമസ് എം.എൽ.എ. കോവൂർ കുഞ്ഞുമോൻ എം.എൽ.എക്കും ആന്റണി രാജു എം.എൽ.എക്കും ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറാൻ താൻ 100 കോടി വാഗ്ദാനം നൽകിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫിലെ ഏകാംഗ കക്ഷി എംഎൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി-ലെനിനിസ്റ്റ്) എന്നിവർക്കാണ് ഏഴുമാസം മുമ്പ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തത്. ഇക്കാര്യം ആന്റണി രാജു സ്ഥിരീകരിച്ചുവെങ്കിലും കുഞ്ഞുമോൻ നിഷേധിച്ചിരുന്നു.
‘മര്യാദക്കുള്ള കോടിയൊക്കെ പറ, ഇതെന്തുവാ 100 കോടിയൊക്കെ? ഇതെന്താ മഹാരാഷ്ട്രയോ? അവിടെ പോലും 25 കോടിയോ 15 കോടിയോ കൊടുത്തുള്ളൂ. ഇവിടെ 50 കോടിയും 100 കോടിയുമൊക്കെ കൊടുത്ത് വാങ്ങാനുള്ള അത്രയും വലിയ അസറ്റാണോ ആന്റണി രാജുവൊക്കെ? എനിക്ക് അറിയത്തില്ല’ -തോമസ് കെ. തോമസ് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ആന്റണി രാജുവാണെന്നും അദ്ദേഹം ആരോപിച്ചു.