നാമനിര്‍ദേശ പത്രിക സമർപ്പിക്കും മുൻപ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടി തോമസ് ചാഴികാടന്‍

google news
Saint Alphonsa

പാലാ: നാമനിര്‍ദേശ പത്രിക സമർപ്പിക്കും മുൻപ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടി കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എംപി. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ചാപ്പലിലെത്തി നാമനിര്‍ദേശ പത്രിക കബറിടത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ച ശേഷമാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്.

രാവിലെ ഇടവക ദേവാലയമായ അരീക്കര സെന്‍റ് റോക്കീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത ശേഷം പാലായില്‍ കെ എം മാണിയുടെ വീട്ടിലെത്തി കുട്ടിയമ്മ മാണിയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ജോസ് കെ മാണിക്കൊപ്പം നേരെ ഭരണങ്ങാനത്ത് അല്‍ഫോന്‍സാ ദേവാലയത്തിലേയ്ക്ക് എത്തിയത്.

kuttiyamma mani

അല്‍ഫോന്‍സാമ്മയുടെ ദേവാലയത്തില്‍ വിശുദ്ധയുടെ കബറിടത്തില്‍ നാമനിര്‍ദേശ പത്രിക വച്ച് മുട്ടുകുത്തി പ്രാര്‍ഥിച്ച ശേഷം നേരെ മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ കബറിടത്തിലും പ്രാര്‍ഥിച്ചു .ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും തനിക്ക് തുണയായത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമാണെന്നും ഈ തെരഞ്ഞെടുപ്പിലും അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥം തേടാനാണ് കബറിടത്തില്‍ വന്നതെന്നും ചാഴികാടന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും റോഡ് ഷോ ആയാണ് തോമസ് ചാഴികാടന്‍ പത്രികാ സമര്‍പ്പണത്തിന് പുറപ്പെട്ടത്. മന്ത്രി വി.എന്‍ വാസവന്‍, ജോസ് കെ മാണി എംപി, എ.വി റസ്സല്‍, അഡ്വ. വി.ബി ബിനു, പ്രൊഫ. ലോപ്പസ് മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു.