തിരുവോണം ബമ്പറിൽ സർക്കാരിന് ബമ്പർ;വിറ്റുവരവ് 274 കോടി കടന്നു
കാഞ്ഞങ്ങാട്: തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. 140 കോടി രൂപയിൽ താഴെയാണ് ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്.
25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ടിക്കറ്റിന് 500 രൂപയാണ് വില. ഏജൻസി കമ്മീഷനും 28 ശതമാനം ജി.എസ്.ടി.യും കഴിച്ച് സർക്കാരിന് 390.63 രൂപയാണ് ഒരു ടിക്കറ്റിന് കിട്ടുന്നത്. ഇതുവരെ 65 ലക്ഷം ടിക്കറ്റുകളാണ് ജില്ലാ ഭാഗ്യക്കുറി കാര്യാലയങ്ങളിലെത്തിയത്. ഇതിൽ 54,88,818 ടിക്കറ്റുകൾ വിറ്റു. ഈ മാസം ഒൻപതിനാണ് നറുക്കെടുപ്പ്. ഇനിയുള്ള എട്ടു ദിവസത്തിനുള്ളിൽ 30 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോകുമെന്നാണ് ഭാഗ്യക്കുറിവകുപ്പിന്റെ കണക്കുകൂട്ടൽ.
ബമ്പർ ടിക്കറ്റ് വില്പന അവസാന ഒരാഴ്ചയിൽ പൊടിപൊടിക്കുന്നതാണ് മുൻകാല അനുഭവം. 10 ലക്ഷം ടിക്കറ്റിലധികം വിറ്റ പാലക്കാടാണ് ജില്ലാ അടിസ്ഥാനത്തിൽ വില്പനയിൽ മുന്നിൽ. കഴിഞ്ഞ വർഷം 85 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 75,76,096 ടിക്കറ്റുകൾ വിറ്റു. 2022-ൽ 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.55 ലക്ഷം വിറ്റു. ഒന്നാം സമ്മാനം 25 കോടി രൂപയായ ശേഷം മൂന്നാമത്തെ തിരുവോണം ബമ്പറാണ് ഇത്തവണ. സ്വന്തം ജില്ലകളിലെതിനേക്കാൾ മറ്റു ജില്ലകളിലെ ടിക്കറ്റിനാണ് ഇപ്പോൾ കൂടുതൽ പ്രിയം. ഇതു തിരിച്ചറിഞ്ഞ് ഏജന്റുമാർ ടിക്കറ്റുകൾ പരസ്പരം കൈമാറ്റം ചെയ്ത് വില്പന കൂട്ടുന്നു.