കനത്ത മഴ : വിവിധ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്
Summer rain

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർ പ്രവേശിക്കാൻ പാടില്ല. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഇതിന് പുറമെ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ച് നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ , കോട്ടൂർ, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എറണാകുളത്തും ഇടുക്കിയിലും റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇരു ജില്ലകളിലും അതീവ ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 

മലപ്പുറത്തും കോഴിക്കോടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Share this story