
കാട്ടാക്കട: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് അടുക്കള കെട്ടിടം പൂർണമായി തകര്‍ന്നു. കുറ്റിച്ചൽ പച്ചക്കാട് വള്ളിമംഗലം കുന്നിൻപുറം ഫാ. സജി ആൽബിയുടെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. വീട്ടിലാരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ഗൃഹോപകരണങ്ങള്‍ നശിച്ചു. കെട്ടിടവും പൂർണമായും തകർന്നു. എങ്ങനെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല.
ഉഗ്രശബ്ദത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ അയല്‍വാസികള്‍ ഉൾപ്പെടെയുള്ളവർ ഭയന്നു. നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. നെയ്യാർഡാം അഗ്നിരക്ഷാസേനയിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുരേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ദിനൂപ്, കിരൺ, സുഭാഷ്, വിനീത്, ഹോം ഗാർഡ് പ്രദീപ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ഒരാഴ്ച മുമ്പ് എത്തിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. കാട്ടാക്കട താലൂക്കില്‍ ആറ് മാസത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടായത്. തുരുമ്പുപിടിച്ച് കാലപ്പഴക്കം ചെന്ന സിലിണ്ടറുകളാണ് വ്യാപകമായി വിതരണം നടത്തുന്നതെന്ന് പരാതിയുണ്ട്.