ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവം: അറസ്റ്റിലായ പെരിങ്ങര സ്വദേശി വ്യാജ ഡോക്ടറാണെന്നറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ
തിരുവല്ല: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ രോഗി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പെരിങ്ങര സ്വദേശി വ്യാജ ഡോക്ടർ ആണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിൽ ജന്മനാടായ തിരുവല്ല ചാത്തങ്കരി നിവാസികൾ. പെരിങ്ങര ചാത്തങ്കരി വലിയ പറമ്പിൽ വീട്ടിൽ അബു എബ്രഹാം ലൂക്കിന്റെ ( 36 ) അറസ്റ്റിൽ ആണ് ചാത്തങ്കരി നിവാസികൾ ഞെട്ടലിൽ ആയിരിക്കുന്നത്. അബു എംബിബിഎസ് പഠനത്തിന് പോയതായി നാട്ടുകാർക്ക് അറിയാം. പഠനശേഷം കോഴിക്കോട് ഏതോ ആശുപത്രിയിൽ ഡോക്ടറായി ജോലിയിൽ പ്രവേശിച്ചതായി ആണ് നാട്ടുകാർക്ക് വിവരം ലഭിച്ചത്.
നാട്ടിലും താൻ ഡോക്ടർ ആണ് എന്നാണ് അബു പറഞ്ഞിരുന്നത്. ഇയാളുടെ സഹോദരനും സഹോദര ഭാര്യയും പാലക്കാട് ഡോക്ടർമാരാണ്. പിതാവിൻറെ മരണശേഷം മാതാവ് സഹോദരനും ഭാര്യക്കും ഒപ്പം പാലക്കാടാണ് താമസം. ചാത്തങ്കേരിയിലെ വീട് അടച്ചിട്ട നിലയിലാണ്. അബു വ്യാജ ഡോക്ടർ ആണെന്ന് തിരിച്ചറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ.
കോഴിക്കോട് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ച പൂച്ചേരികുന്ന് പച്ചാട്ട് വിനോദ് കുമാറിൻറെ കുടുംബം നൽകിയ പരാതിയിലാണ് അബു അറസ്റ്റിലായത്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് 23ന് പുലർച്ചെ 4:30യ്ക്കാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അബു രക്ത പരിശോധനയും ഇസിജിയും നിർദ്ദേശിച്ചെങ്കിലും അരമണിക്കൂറിനകം വിനോദ് കുമാർ മരിച്ചു.
ചികിത്സയിലെ സംശയത്തെ തുടർന്ന് വിനോദ് കുമാറിൻറെ മകനും പിജി ഡോക്ടറുമായ പി അശ്വിനും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ അഞ്ചുവർഷത്തോളമായി ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ചിരുന്ന അബു എംബിബിഎസ് പൂർത്തിയാക്കിയിട്ടില്ല എന്ന് കണ്ടെത്തി. ഇതോടെയാണ് ഇയാൾക്ക് എംബിബിഎസ് ബിരുദം ഇല്ലെന്നും ചികിത്സയിൽ പിഴവുണ്ടായതും കാണിച്ച് വിനോദ് കുമാറിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഫറൂഖ് അസിസ്റ്റൻറ് കമ്മീഷണർ എ എം സിദ്ദിഖിന്റെ കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം ഏൽപ്പിച്ചു. ഫറൂഖ് ഇൻസ്പെക്ടർ എസ് അജിത്തിന്റെ നേതൃത്വത്തിൽ മുക്കത്തെ വീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം വ്യാജ രജിസ്റ്റർ നമ്പർ നൽകിയാണ് അബു എബ്രഹാം ലൂക്ക് ജോലി തേടിയതെന്നും പരാതി ഉയർന്നപ്പോൾ നടത്തിയ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടയുടൻ ഇയാളെ പുറത്താക്കിയതായും ടി എം എച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കി.