എല്‍ഡിഎഫ് പത്രപരസ്യം നല്‍കിയതില്‍ തെറ്റൊന്നുമില്ല, വി ഡി സതീശനോട് ചോദിച്ചിട്ട് വേണോ പരസ്യം നല്‍കാന്‍ ; ഇ പി ജയരാജന്‍

ep jayarajan
ep jayarajan

പ്രത്യക്ഷത്തില്‍ പരസ്യമല്ല എന്ന നിലയിലല്ലേ ബിജെപിയും യുഡിഎഫും പരസ്യം നല്‍കുന്നതെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

എല്‍ഡിഎഫ് പത്രപരസ്യം നല്‍കിയതില്‍ തെറ്റൊന്നുമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ചോദിച്ചിട്ട് വേണോ പരസ്യം നല്‍കാന്‍ എന്ന് ഇ പി ചോദിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പത്രക്കാര്‍ പത്രപരസ്യം നല്‍കാന്‍ സമീപിക്കും. അങ്ങനെ അവര്‍ സമീപിച്ചു. പ്രത്യക്ഷത്തില്‍ പരസ്യമല്ല എന്ന നിലയിലല്ലേ ബിജെപിയും യുഡിഎഫും പരസ്യം നല്‍കുന്നതെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

സുന്നി വിഭാഗത്തിന്റെ മുഖപത്രത്തിലാണ് പരസ്യം നല്‍കിയതെന്നും ഇ പി ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയെ ശക്തിപ്പെടുത്തിയാലേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയൂ എന്ന നിലപാട് സ്വീകരിക്കുന്നവരാണ് സുന്നി വിഭാഗം. പത്രപരസ്യം എല്ലാ പാര്‍ട്ടിക്കാരും കൊടുക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

താന്‍ ദേശാഭിമാനി ജനറല്‍ മാനേജറായിരുന്ന സമയത്ത് കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള പരസ്യം നല്‍കിയിട്ടുണ്ടെന്നും ഇ പി പറഞ്ഞു. പത്രങ്ങളിലൊക്കെ പരസ്യം വരുമ്പോള്‍ ബേജാറാവുക, ഭയപ്പെടുക, അങ്ങനെ ഭയപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുക ഇതെല്ലാം പാപ്പരത്തത്തിന്റെ ഭാഗമാണ്. തങ്ങള്‍ക്ക് അതൊന്നുമില്ല. തങ്ങള്‍ തുറന്ന പുസ്തകമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Tags