'പ്രസ്താവന വളച്ചൊടിച്ചു, ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആയുര്‍വേദ കഷായം കൊടുക്കണം എന്നാണ് പറഞ്ഞത്'; രാഹുല്‍ ഈശ്വര്‍ നല്‍കിയ പരാതിയില്‍ മറുപടി നല്‍കി കെ ആര്‍ മീര

'Kashaya application in support of Greeshma'; Rahul Eshwar filed a complaint against KR Meera
'Kashaya application in support of Greeshma'; Rahul Eshwar filed a complaint against KR Meera

ടോക്‌സിക്കായ പുരുഷന്മാര്‍ക്ക് കഷായം കൊടുക്കണം എന്നു പറഞ്ഞത് വളച്ചൊടിച്ചു

തനിക്കെതിരെ രാഹുല്‍ ഈശ്വര്‍ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി എഴുത്തുകാരി കെ ആര്‍ മീര. കൊലക്കുറ്റത്തെ ന്യായീകരിച്ചു എന്ന് പരാതിക്കാരന്‍ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും തനിക്കെതിരെ പരാതി നല്‍കിയത് ലൈംഗികാതിക്രമ അനുകൂലിയാണെന്നും കെ ആര്‍ മീര പ്രതികരിച്ചു.
ടോക്‌സിക്കായ പുരുഷന്മാര്‍ക്ക് കഷായം കൊടുക്കണം എന്നു പറഞ്ഞത് വളച്ചൊടിച്ചു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആയുര്‍വേദ കഷായം കൊടുക്കണം എന്നാണ് പറഞ്ഞത്. പരാമര്‍ശത്തിന്റെ പേരില്‍ കേരളത്തില്‍ സ്ത്രീ പുരുഷ സ്പര്‍ദ്ധ ഉണ്ടായിട്ടില്ല. തനിക്കെതിരെ പരാതി നല്‍കിയത് ലൈംഗികാതിക്രമ അനുകൂലിയാണ്. കുറ്റകൃത്യങ്ങളെ വെള്ളപൂശാന്‍ കൊട്ടേഷന്‍ എടുത്തയാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരുഷനാണ് പരാതിക്കാരനെന്നും കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഈശ്വറിന്റെ പേര് പരാമര്‍ശിക്കാതെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ക്രൂരമായ ക്വട്ടേഷന്‍ റേപ്പ്, പലതരം ലൈംഗികാതിക്രമങ്ങള്‍, ക്രൂരമായ സ്ത്രീപീഡനങ്ങള്‍ എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ വെള്ള പൂശാന്‍ 'ക്വട്ടേഷന്‍' എടുത്തയാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു 'പുരുഷന്‍' എനിക്ക് എതിരേ പോലീസില്‍ പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയതായി അറിയുന്നു.


ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യപൌരത്വത്തിനുവേണ്ടി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയാണു ഞാന്‍.

കോഴിക്കോട്ടുവച്ചു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റവലില്‍, മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളിലുള്ള ഋതുഭേദങ്ങളെക്കുറിച്ചു പുതിയ തലമുറയിലെ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് പ്രസ്തുത ലൈംഗികാതിക്രമ അനുകൂലി എനിക്കെതിരേ പരാതിപ്പെടുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67-ാം വകുപ്പ്, ഇലക്ടോണിക് മീഡിയ വഴി obscene materials പ്രചരിപ്പിക്കുന്നതു തടയാനുള്ളതാണ്. Obscene എന്ന വാക്കിന്റെ അര്‍ത്ഥം 'ലൈംഗിക വികാരങ്ങള്‍ക്കു പ്രേരകമായത്' ( lascivious) എന്നാണെന്നു സാധാരണനിഘണ്ടുവും നിയമനിഘണ്ടുവും വിശദീകരിക്കുന്നു.

എന്റെ സംഭാഷണത്തിലെ ഏതു വാക്കാണു പരാതിക്കാരനു ലൈംഗികതാപ്രേരകമായത് എന്നു വ്യക്തമാക്കിയിട്ടില്ല.

ഭാരതീയ ശിക്ഷാസംഹിത അനുസരിച്ച് 'excusable or justifiable' ആയ കുറ്റങ്ങള്‍ പോലും ഉത്തമനായ ഒരു പുരുഷനും ചെയ്തു കൂടാ എന്നു മാത്രമാണു ഞാന്‍ പറഞ്ഞത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പുരുഷന്‍മാര്‍ മുന്‍കയ്യെടുത്ത് ഉത്തമ കാമുകന്‍മാര്‍ ആകണം എന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളൂ.


ഇങ്ങനെയൊരു പരാമര്‍ശം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ സ്പര്‍ധയും കലാപവും ലഹളയും ഉണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. എന്റെ വാക്കുകള്‍ കേട്ടു കേരളത്തിലെവിടെയെങ്കിലും സ്ത്രീകളും പുരുഷന്‍മാരും ഗ്രൂപ്പു തിരിഞ്ഞു ലഹളയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളൊന്നും ഇല്ല.

പരാതിക്കാരന്‍ ദിവസേനെയന്നോണം വിവിധ ഇലക്ട്രോണിക് മാധ്യമങ്ങളിലും പ്ലാറ്റ്‌ഫോമുകളിലുമായി നടത്തുന്ന പ്രഖ്യാപനങ്ങളും വെല്ലുവിളികളും കുറ്റകൃത്യന്യായീകരണങ്ങളും ഏതൊക്കെ വകുപ്പു പ്രകാരമുള്ള കുറ്റകൃത്യങ്ങളാണെന്ന് പരാതിക്കാരന്റെ പരാതി തിരിച്ചിട്ടാലോചിച്ചാല്‍ വ്യക്തമാണ്.

കൊലക്കുറ്റത്തെ ഞാന്‍ ന്യായീകരിച്ചെന്നു പരാതിക്കാരന്‍ പ്രചരിപ്പിക്കുന്നതു വസ്തുതാവിരുദ്ധവും മന:പൂര്‍വമായി എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമാണ്. എന്റെ സംഭാഷണത്തില്‍ ഒരിടത്തും ഞാന്‍ കൊലക്കുറ്റത്തെയോ കുറ്റകൃത്യങ്ങളെയോ ന്യായീകരിച്ചിട്ടില്ല.

ബന്ധങ്ങളില്‍ വളരെ 'ടോക്‌സിക് 'ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് 'ചിലപ്പോള്‍ കഷായം കൊടുക്കേണ്ടി വരും' എന്നു പറഞ്ഞാല്‍, അതിനര്‍ത്ഥം വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം, ബ്രഹ്‌മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്‌തേക്കുമെന്നാണെന്നു പരാതിക്കാരനു മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരക്കാര്‍ക്കു മേല്‍പ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികില്‍സാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.


പറയുന്നതെല്ലാം വളച്ചൊടിച്ചു സമൂഹത്തില്‍ എനിക്കെതിരേ സ്പര്‍ദ്ധയും ശത്രുതയും വളര്‍ത്താനുള്ള പരാതിക്കാരന്റെ ശ്രമം, സ്ത്രീപീഡനത്തിനു ക്വട്ടേഷന്‍ കൊടുത്തയാളിന്റെ വിശ്വസ്തരുടെ സൌഹൃദക്കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ 'സാഹിത്യ' ക്വട്ടേഷനാണോ അതോ ഞാന്‍ കാരണം എല്ലാത്തരത്തിലും അസ്വസ്ഥരായ വലതുപക്ഷക്കാരുടെ 'രാഷ്ട്രീയ' ക്വട്ടേഷന്‍ ആണോ എന്ന സംശയം മാത്രമേ ബാക്കിയുള്ളൂ.

ഇക്കാര്യത്തിലാണ് ഒരു അന്വേഷണം വേണ്ടത്.

Tags