വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് വെടിക്കെട്ട്. അതുകൊണ്ടുതന്നെ കേന്ദ്രം തീരുമാനം പിന്‍വലിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
പുറ്റിങ്ങൽ അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അങ്ങനെ ഒരു ശുപാർശ സമിതി നൽകിയിട്ടില്ലെന്നും തൃശൂരില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല.