രണ്ടാം ഘട്ട അലോട്ട്‌മെന്റ് പട്ടിക പുറത്ത് ; മലപ്പുറത്ത് പ്രതിസന്ധി തുടരുന്നു

exam

രണ്ടാം ഘട്ട അലോട്ട്‌മെന്റ് പട്ടിക പുറത്ത് വന്നിട്ടും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. രണ്ടാം ഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ പുതുതായി അവസരം ലഭിച്ചത് 2,437 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്. രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷവും മലപ്പുറം ജില്ലയില്‍ 46,839 വിദ്യാര്‍ത്ഥികള്‍ അവസരം കാത്ത് നില്‍ക്കുമ്പോള്‍ ജില്ലയില്‍ ആകെ ശേഷിക്കുന്നത് 14600 സീറ്റുകള്‍ മാത്രമാണ്. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിലേക്ക് മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി മാര്‍ച്ച് പ്രഖ്യാപിച്ചു.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച 36393 വിദ്യാര്‍ത്ഥികളില്‍ 33170 വിദ്യാര്‍ത്ഥികളാണ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചത്. പുതുതായി അവസരം ലഭിച്ചതാകട്ടെ 2,437 പേര്‍ക്കും. ഇതടക്കം 35,607 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചത്. ഈ കണക്ക് പരിശോധിച്ചാല്‍ മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് അപേക്ഷ നല്‍കിയ 82,446 അപേക്ഷകരില്‍ 46,839 പേര്‍ ഇപ്പോഴും പട്ടികക്ക് പുറത്ത് നില്‍ക്കുകയാണ്. ഇവര്‍ക്കായി ഇനി ശേഷിക്കുന്നതാകട്ടെ 14,600 മെറിറ്റ് സീറ്റുകള്‍ മാത്രം. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ 32,239 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ മേഖലകളെയോ ആശ്രയിക്കേണ്ടി വരും

Tags