എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിന്റെ കാരണം സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കണം ; ഡെപ്യൂട്ടി മേയര്‍ പി കെ രാജു
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിന്റെ കാരണം സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാജു. ഇത്തരം സംഭവങ്ങള്‍ ഒരു സര്‍ക്കാര്‍ ഭരിച്ചപ്പോഴും ഉണ്ടായിട്ടില്ലെന്നും ഇനി വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീഴ്ചകള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനോട് യോജിപ്പില്ലെന്ന് രാജു പറഞ്ഞു.
'ഞാന്‍ ജനിച്ച ആശുപത്രിയാണ്. ഇപ്പോള്‍ കപ്പാസിറ്റിയുള്ള രണ്ട് ജനറേറ്ററുണ്ട്. കൂടുതല്‍ ജനറേറ്റര്‍ സ്ഥാപിക്കേണ്ട കാര്യങ്ങള്‍ ആലോചിക്കും. ഇന്ന് ഇനി വൈദ്യുതി മുടങ്ങില്ല. ഞാനും വാര്‍ഡ് കൗണ്‍സിലറും ഇവിടെ ഉണ്ട്. ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ല. അവിടെ വന്ന് രോഗികളെ സഹായിക്കുന്നതിന് പകരം മുതലെടുപ്പ് നടത്തുന്നു. രോഗികളുടെ കൂടെയുള്ളവര്‍ പ്രതിഷേധിച്ചത് സങ്കടം കൊണ്ടാണ്. അതില്‍ വേദനയില്ല. രാജി വെക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ ഇതുകണ്ട് ചിരിക്കുകയാണ്', അദ്ദേഹം പ്രതികരിച്ചു.
രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ജനറേറ്റര്‍ എത്തിച്ച് താല്‍ക്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചത്. മൂന്നു മണിക്കൂറിന് ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്.