ശരീരത്തില്‍ അഞ്ചിടങ്ങളില്‍ മുറിവ്, തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

dead

പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. തൃശ്ശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ആഷിക് രഘുവാണ് കഴിഞ്ഞമാസം ഈസ്റ്റര്‍ പാര്‍ട്ടിക്ക് പിന്നാലെ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിനും പൊലീസിനും പരാതി നല്‍കി. പോളണ്ട് തലസ്ഥാനമായ വാര്‍സ്വായില്‍ ഫുഡ് ഡെലിവറി ബോയ് ആയിരുന്നു ആഷിക്. ഏപ്രില്‍ ഒന്നിനാണ് ഈസ്റ്റര്‍ പാര്‍ട്ടിക്ക് ശേഷം മുറിയില്‍ എത്തിയ 23 കാരനെ മരിച്ച നിലയില്‍ കണ്ടത്. 

മകന്റെ മരണത്തെക്കുറിച്ച് സുഹൃത്തുക്കളും പോളണ്ടിലെ അധികൃതരും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് ആഷിക്കിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. മകന് എന്താണ് സംഭവിച്ചതെന്ന് അറിയണം, അതിന് നീതിയുക്തമായ അന്വേഷണം വേണം. പെട്ടന്ന് ഒരു ദിവസം മരിച്ചെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ലെന്ന് ആഷികിന്റെ അമ്മ ബിന്ദു പറഞ്ഞു. എന്തുകൊണ്ട് പോളണ്ട് ഗവണ്‍മെന്റ് മകന്റെ ബോഡി പോസ്റ്റുമോര്‍ട്ടം ചെയ്തില്ലെന്ന് പിതാവ് എകെ അഭിലാഷ് ചോദിക്കുന്നു.

മകന്റെ മരണ കാരണം അവ്യക്തമാണെന്നാണ് പോളണ്ട് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈസ്റ്റര്‍ പാര്‍ട്ടിയില്‍ മകനോടൊപ്പം പങ്കെടുത്തവര്‍ പറയുന്നത് കള്ളമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അച്ഛന്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണം എന്ന് വ്യക്തമായിട്ടുണ്ട്. ശരീരത്തില്‍ അഞ്ചിടങ്ങളില്‍ മുറിവുകള്‍ ഉള്ളതായും വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ആഷിക്കിന്റെ മരണത്തില്‍ സത്യം പുറത്തുവരണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags