ലീഗ് നേതൃത്വത്തിന് ഇഡിയെയും മോഡിയെയും പേടിയാണ് ; കെ എസ് ഹംസ

hamza

ലീഗിന് ലഭിച്ച രാജ്യസഭാ സീറ്റ് ഒരു വിദേശ വ്യവസായിക്ക് കൊടുക്കാനാണ് നീക്കമെന്ന് പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ഹംസ. യൂത്ത് ലീഗിനെ ഓരോ തവണയും പറഞ്ഞു പറ്റിച്ചു എന്നും അദ്ദേഹം പ്രതികരിച്ചു.
പിരിച്ചുവിട്ട ഹരിത നേതാക്കളെ മുസ്ലിം ലീഗ് തിരിച്ചെടുത്തതില്‍ സന്തോഷമെന്ന് കെഎസ് ഹംസ പറഞ്ഞു. അവര്‍ പാര്‍ട്ടിയുടെ അഭിമാനം കാത്തവര്‍. മറ്റുള്ളവര്‍ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍. എംഎസ്എഫില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍ എ ആര്‍ നഗര്‍ ബാങ്ക് കേസില്‍ വിവരാവകാശം ആവശ്യപ്പെട്ട ആളാണ്. വിവരാവകാശം ലഭിക്കുമെന്ന പേടി കൊണ്ടാണ് ഇവരെ തിരിച്ചെടുത്തതെന്നും കെഎസ് ഹംസ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക് മടിയില്‍ കനം ഉള്ളതുകൊണ്ട് വഴിയില്‍ ഉള്ളതിനെ എല്ലാം പേടിയാണ്. ഹൈദരലി തങ്ങളെ ഇഡിക്ക് വലിച്ചെറിഞ്ഞു കൊടുത്തു. നോട്ട് നിരോധനം വന്നപ്പോള്‍ പാര്‍ട്ടി മുതലാളിയുടെ കയ്യില്‍ ഉണ്ടായിരുന്ന പത്തു കോടി രൂപ ബാങ്കുകള്‍ ഒന്നും എടുത്തില്ല. പിന്നീട് ഹൈദരലി തങ്ങളുടെ പേരിലുള്ള കൊച്ചിയിലെ ചന്ദ്രികയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ഇന്‍കം ടാക്‌സ് വന്നപ്പോള്‍ 3 കോടി രൂപ ഫൈന്‍ അടച്ച് തടിതപ്പി. എന്നാല്‍ ഇതില്‍ ഇഡി അന്വേഷണം വന്നപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ കൈമലര്‍ത്തിയതോടെ അന്വേഷണം ഹൈദരലി തങ്ങളിലേക്ക് തിരിഞ്ഞു. ഈ വിഷയം പാര്‍ട്ടിയില്‍ ഉന്നയിച്ചതാണ് ലീഗില്‍ ഞാനുമായി പ്രശ്‌നമായത്. ഇഡി വന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ താന്‍ തെളിവുകള്‍ ഹാജരാക്കി. ഹൈദരലി തങ്ങളെ രാവിലെ മുതല്‍ വൈകിട്ട് വരെ ഇഡി ചോദ്യം ചെയ്തു. ഇതില്‍ മനം നൊന്താണ് മുഈനലി വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചത്. ലീഗ് നേതൃത്വത്തിന് ഇഡിയെയും മോഡിയെയും പേടിയാണ് എന്നും കെഎസ് ഹംസ പറഞ്ഞു.

Tags