സര്‍ഗവസന്തം മിഴി തുറക്കുന്നു: കുടുംബശ്രീ ബഡ്‌സ് കലോത്സവം 'തില്ലാന-2025'ന് നാളെ തുടക്കമാകും

The Kudumbashree Buds Arts Festival Thillana 2025 will begin tomorrow
The Kudumbashree Buds Arts Festival Thillana 2025 will begin tomorrow

ഭാവരാഗ താളങ്ങള്‍ സമന്വയിക്കുന്ന സര്‍ഗവേദിയില്‍ കലയുടെ പുതവസന്തങ്ങള്‍ വിരിയിച്ച് കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്‌സ് കലോത്സവം 'തില്ലാന' 2025-ന് നാളെ കൊടിയേറും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. എം.മുകേഷ് എം.എല്‍.എ സ്വാഗതം പറയും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പദ്ധതി വിശദീകരിക്കും. മേയര്‍ ഏണസ്റ്റ് പ്രസന്ന മുഖ്യ പ്രഭാഷണം നടത്തും. എം.നൗഷാദ് എം.എല്‍.എ ബഡ്‌സ് തീം ഉല്‍പന്ന വിപണന സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും.
 
വേദി ഒന്ന്-മഞ്ഞ്, വേദി രണ്ട്-രംഗം, വേദി മൂന്ന്-സുകൃതം, വേദി നാല്-കടവ്, വേദി അഞ്ച്-കളിവീട് എന്നിങ്ങനെയാണ് മത്സരങ്ങള്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബഡ്‌സ് സ്‌കൂളിലെയും 18 വയസു കഴിഞ്ഞവരുടെ പകല്‍പരിപാലനത്തിനായുള്ള ബഡ്‌സ് പുനരധിവാസ കേന്ദ്രത്തിലെയും ഉള്‍പ്പെടെ കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളാണ് പങ്കെടുക്കുക. ജില്ലാതല മത്സരങ്ങളില്‍ വിജയികളായ കുട്ടികളാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. 14 ജില്ലകളില്‍ നിന്നായി 450-ലേറെ മത്സരാര്‍ത്ഥികള്‍ പ്രതിഭയുടെ മാറ്റുരയ്ക്കാന്‍ എത്തിയിട്ടുണ്ട്.  

എം.എല്‍.എമാരായ പി.എസ് സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ജി.എസ് ജയലാല്‍, പി.എസ് വിഷ്ണുനാഥ്, സി.ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.അനില്‍ എസ്.കല്ലോലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണിക്കൃഷ്ണന്‍, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ കുമാരി, എസ്.ജയന്‍, അഡ്വ.എ.കെ സവാദ്, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍ നന്ദി പറയും.

Tags