കേന്ദ്ര ഫണ്ട് നിഷേധിച്ച വിഷയം ; വാക് പോരില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

google news
thomas isac

സംസ്ഥാനത്തിന് കേന്ദ്ര ഫണ്ട് നിഷേധിച്ച വിഷയത്തില്‍ പരസ്പരം വാക്‌പോരുമായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. 

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോള്‍ പ്രതികരിക്കാന്‍ ഒരു യുഡിഎഫ് നേതാവ് ഉണ്ടായിട്ടുണ്ടോ എന്ന തോമസ് ഐസക്കിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിന് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുന്നതിന്റെ ഫോട്ടോ ഇട്ടാണ് ആന്റോ ആന്റണി മറുപടി നല്‍കിയത്. എല്‍ഡിഎഫും യുഡിഎഫും വിഷയത്തില്‍ ഒന്നിച്ച് നില്‍ക്കുന്നതിന് പകരം തങ്ങള്‍ വേറെ നിവേദനം കൊടുത്തോളാം എന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് ആന്റോ ആന്റണിക്ക് മറുപടിയുമായി തോമസ് ഐസക് വീണ്ടുമെത്തി.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഫണ്ട് നിഷേധിച്ചതില്‍ കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രത്തിന് നല്‍കിയ നിവേദനം നാട്ടുകാര്‍ അറിഞ്ഞില്ല എന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ പരിഹാസം. കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തിന് വേണ്ടി എന്തെങ്കിലും പരസ്യമായി പറഞ്ഞിട്ടുണ്ടോ എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് ചോദിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതികള്‍ മുടങ്ങുമ്പോള്‍ അത് എല്‍ഡിഎഫിനെതിരായ ജനവികാരമായി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നാണ് യുഡിഎഫ് കരുതിയതെന്നും ഇപ്പോള്‍ യുഡിഎഫ് പ്ലേറ്റ് മാറ്റിയതായും തോമസ് ഐസക് പറഞ്ഞു.

Tags