കാര്‍ മനപൂര്‍വം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവം ; അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ പൊലീസ് വീണ്ടെടുക്കും

google news
hashim

പട്ടാഴിമുക്കില്‍ കാര്‍ മനപൂര്‍വം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്‌കരിച്ചു. അനുജയുടെ സംസ്‌കാരം ഇന്ന് നടക്കും.
നാടിനെയാകെ ഞെട്ടിച്ച പട്ടാഴിമുക്ക് അപകടത്തില്‍ ദുരൂഹത നീക്കാന്‍ ഒരുങ്ങുകയാണ് അടൂര്‍ പോലീസ്. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജ രവീന്ദ്രനെ വഴിമധ്യെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിന് മരണത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയെന്നതാണ് പൊലീസിന് മുന്നിലെ ചോദ്യം. ബന്ധുക്കള്‍ക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് പോലും ഒന്നും അറിയില്ലെന്ന് മറുപടി നല്‍കിയിട്ടുണ്ട്. ഇത് ഇരു കുടുംബങ്ങളും ആവര്‍ത്തിക്കുമ്പോള്‍ ശാസ്ത്രിയ പരിശോധനയിലൂടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ചു. വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ഫോണുകള്‍ അയക്കും. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ വീണ്ടെടുക്കാനാണ് ശ്രമം.

അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാന്‍ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതാണോ എന്നതില്‍ ദുരൂഹത മാറണം. അതോ ജീവനൊടുക്കാന്‍ ഇരുവരും ഒന്നിച്ച് തീരുമാനിച്ചതാണോ എന്നതിലും ദുരൂഹത നീക്കുകയാണ് ലക്ഷ്യം. അപകടം ഉണ്ടാകും മുന്‍പ് അനുജ അവസാനമായി സംസാരിച്ച തുമ്പമണ്‍ സ്‌കൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Tags