ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിയെയും കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി
കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. നേരത്തെ, പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എന്നാൽ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ്, കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിസംബർ 31ന് രാത്രിയിൽ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷപ്പിറവി ആഘോഷിക്കാറുള്ളത്. ഇതിന് പുറമെയാണ് വെളിമൈതാനത്തും പാപ്പാഞ്ഞിയെ സ്ഥാപിച്ചത്.
ഇവിടെ സ്ഥാപിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞി നീക്കാന്‍ നേരത്തെ പൊലീസ് നിര്‍ദേശിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടികാട്ടിയായിരുന്നു നീക്കം. ഈ നടപടി ചോദ്യം ചെയ്താണ് സംഘാടകർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.