എറണാകുളം മാഞ്ഞാലിയില്‍ നിന്ന് പിടികൂടിയ തോക്കുകള്‍ സ്വര്‍ണ്ണക്കടത്തിന് സുരക്ഷ ഒരുക്കാന്‍ വേണ്ടി സൂക്ഷിച്ചതെന്ന് സംശയം

google news
gun

എറണാകുളം മാഞ്ഞാലിയില്‍ നിന്ന് പിടികൂടിയ തോക്കുകള്‍ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് സുരക്ഷ ഒരുക്കാന്‍ വേണ്ടി സൂക്ഷിച്ചതെന്ന് സംശയം. 2021 ജൂണില്‍ രാമനാട്ടുകര വാഹനാപകടത്തിന് ഇടയാക്കിയ ചേസിങ്ങില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ ഈ തോക്ക് ഉപയോഗിച്ചു എന്നാണ് സംശയം. ചെര്‍പ്പുളശ്ശേരിയിലെ കൊട്ടേഷന്‍ സംഘാംഗങ്ങളെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.
കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ മാഞ്ഞാലിയിലെ വീട്ടില്‍ നിന്ന് നാല് തോക്കുകളും 20 വെടിയുണ്ടകളുമാണ് പൊലീസ് പിടികൂടിയത്. തോക്കുകള്‍ കൈമാറിയത് ഗുണ്ടാത്തലവന്‍ പെരുമ്പാവൂര്‍ അനസ് ആണെന്നും തോക്കുകള്‍ മൂന്നു വര്‍ഷമായി സൂക്ഷിക്കുന്നുണ്ടെന്നുമാണ് റിയാസിന്റെ മൊഴി. പിടികൂടിയ തോക്കുകള്‍ക്ക് 2021ലെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് സംശയം. അന്ന് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സംരക്ഷണം ഒരുക്കിയത് ചെര്‍പ്പുളശ്ശേരിയിലെ കൊട്ടേഷന്‍ സംഘമാണ്. കാപ്പ ചുമത്തിയതിന് പിന്നാലെ അനസ് ചെര്‍പ്പുളശ്ശേരിയില്‍ താമസിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് അനസ് സംസ്ഥാനത്തിന് പുറത്തുനിന്ന് തോക്കുകള്‍ എത്തിച്ച് റിയാസിന് കൈമാറിയതെന്നാണ് വിവരം. പൊലീസ്, റിയാസിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സൂചന ലഭിച്ചത്.

2021 ജൂണില്‍ സ്വര്‍ണ്ണക്കടത്ത്, കവര്‍ച്ച, കൊട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള വാഹന ചേസിങ്ങിനിടെ രാമനാട്ടുകരയില്‍ വച്ച് അപകടം ഉണ്ടായിരുന്നു. 5 പേരാണ് അന്ന് മരിച്ചത്. തോക്കുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നറിയാന്‍ ഒരുതവണ വെടിയുതിര്‍ത്ത് നോക്കിയതായും റിയാസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Tags