എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച: അന്വേഷണത്തിന് ഉത്തരവിറക്കി സർക്കാർ
Sep 25, 2024, 11:53 IST
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആർ.എസ്.എസ് നേതാക്കളെ എന്തിന് സന്ദർശിച്ചെന്ന രാഷ്ട്രീയ ദുരൂഹത തുടരുന്നതിനിടെയാണ് ഒടുവിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
തിരുവന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിറക്കി സർക്കാർ. ഇതുസംബന്ധിച്ച നിർദേശം പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബിന് നൽകി. തൃശ്ശൂരിലും തിരുവനന്തപുരത്തും വെച്ച് അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതിനെ സംബന്ധിച്ച് അന്വേഷിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആർ.എസ്.എസ് നേതാക്കളെ എന്തിന് സന്ദർശിച്ചെന്ന രാഷ്ട്രീയ ദുരൂഹത തുടരുന്നതിനിടെയാണ് ഒടുവിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.