കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ അജീഷിന്റെ സംസ്‌കാരം ഇന്ന്

died

മാനന്തവാടി പടമലയില്‍ ഇറങ്ങിയ ആളെക്കൊല്ലി മഖ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂര്‍ മഖ്‌ന നിലവില്‍ ചാലിഗദ്ധ ഭാഗത്ത് ഉണ്ട്. ആനയെ നിരീക്ഷിക്കുകയാണ്. കുന്നില്‍ മുകളില്‍ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാന്‍ ആകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും.
കൂടുതല്‍ വെറ്റിനറി ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. ആനയെ പിടിച്ചാല്‍ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. വിശദമായ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയാകും വനംവകുപ്പ് തുടര്‍ നടപടി സ്വീകരിക്കുക. നോര്‍ത്തണ്‍ സി സി എഫ് മാനന്തവാടിയില്‍ ക്യാമ്പ് ചെയ്താണ് എല്ലാം ഏകോപിപ്പിക്കുന്നത്. ഡോ. അജേഷ് മോഹന്‍ദാസ് ആണ് വെറ്റിനറി ടീമിനെ നയിക്കുക.

അതേസമയം പടമലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പനച്ചിയില്‍ അജീഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് അല്‍ഫോന്‍സാ ദേവാലയത്തിന്റെ സെമിത്തേരിയില്‍ ആകും സംസ്‌കാരം. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം 10 മണിയോടെ ആണ് മൃതശരീരം വീട്ടില്‍ എത്തിച്ചത്. 2 മണിവരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.

Tags