കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ; പിഴവ് പറ്റിയെന്ന് സമ്മതിച്ച് ഡോക്ടർ

Kozhikode Medical College

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറാം വിരൽ മുറിച്ചുമാറ്റുന്നതിനെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ തനിക്ക് പിഴവ് സംഭവിച്ചുവെന്ന് സമ്മതിച്ച് ഡോക്ടർ. ഇക്കാര്യം വ്യക്തമാക്കി സൂപ്രണ്ടിന് ഡോക്ടർ നോട്ട് എഴുതി. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർ സൂപ്രണ്ടിന് എഴുതി നൽകി. 

കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ മകളായ നാല് വയസ്സുകാരിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയത്. ആറാം വിരൽ മുറിച്ചുമാറ്റുന്നതിന് നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയയ്ക്ക് പകരമാണ്  കുഞ്ഞിന്റെ നാക്കിൽ ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. 

ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിക്ക് ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഡോക്ടർ കുറിപ്പെഴുതിയത് മാറിപ്പോയതാണ് സംഭവത്തിന് കാരണമായത്. അടുത്ത കുട്ടിയുടെ ശസ്ത്രക്രിയയുടെ വിവരങ്ങൾ നാലുവയസുകാരിയ്ക്ക് എഴുതി. നാലുവയസുകാരിയ്ക്കും നാക്കിന് തകരാറുണ്ടായിരുന്നു.

ഈ അപാകത പരിഹരിയ്ക്കപ്പെട്ടു. എന്നാൽ കുടുംബത്തെ അറിയ്ക്കാതെയാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. ആശയവിനിമയത്തിലെ അപാകതയാണ് കാരണം എന്നാണ് വിശദീകരണം. കുട്ടി പൂർണ്ണ ആരോഗ്യവതിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു.

ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി.