ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചു, പിന്നീട് നിരന്തര ലൈംഗികപീഡനം ; അച്ഛന് മരണം വരെ കഠിന തടവ് വിധിച്ച് കോടതി
തിരുവനന്തപുരം : മകളെ ലൈംഗികമായി പീഡിപ്പിച്ച 37 വയസുള്ള പിതാവിന് മരണം വരെ കഠിന തവും പിഴയും വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. വിവിധ വകുപ്പുകളിലായാണ് മൂന്നു തവണ മരണം വരെ കഠിന തടവിന് ശിക്ഷിച്ചത്. 1.90 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അതിൽ നിന്ന് 1.5 ലക്ഷം കുട്ടിക്ക് നൽകണം.
കുട്ടിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. പിന്നീട് കുട്ടി പിതാവിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. ഒന്നാംക്ലാസിൽ പഠിക്കുന്ന സമയം മുതൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പിതാവ്. വിവരം പറയാൻ കുട്ടിക്ക് ബന്ധുക്കളും ഉണ്ടായിരുന്നില്ല.
മാത്രമല്ല, വിവരം പുറത്തറിഞ്ഞാൽ പിതാവ് തന്നെ കൊല്ലുമെന്നും കുട്ടി ഭയപ്പെട്ടു. ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് കുട്ടി ക്ലാസ് ടീച്ചറെ വിവരം അറിയിച്ചത്. 2023ലായിരുന്നു ഇത്. അപ്പോൾ കുട്ടിക്ക് 15 വയസ് പ്രായമായിരുന്നു. കുട്ടിയുടെ മാനസിക വിഷമം കണ്ട് അധ്യാപിക വിവരം തിരക്കുകയായിരുന്നു അപ്പോഴാണ് വർഷങ്ങളായി പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി പറഞ്ഞത്. തുടർന്ന് അധ്യാപിക ചൈൽഡ് ലൈൻ വഴി പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസ് റിപ്പോർട്ട് ചെയ്ത ദിവസം മുതൽ കുട്ടി ജുവനൈൽ ഹോമിലാണ്. പ്രതിക്ക് അനുകൂലമായി രണ്ടാം ഭാര്യ മൊഴി നൽകിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ചോദ്യങ്ങൾക്ക് മുന്നിൽ അവർക്ക് ഉത്തരമില്ലാതായതോടെ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു.