അഭിമുഖത്തിന്റെ വിവാദ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സി ; മാപ്പു ചോദിച്ച് ദി ഹിന്ദു ദിനപത്രം

pinarayi
pinarayi

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം. അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ ഹിന്ദു വിശദീകരിച്ചു. അഭിമുഖത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചു. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണ് വിശദീകരണം.


മുഖ്യമന്ത്രി അഭിമുഖത്തിന് തയാറെന്നറിയിച്ചത് പിആര്‍ ഏജന്‍സിയാണെന്നും സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ഹിന്ദു പറഞ്ഞു. അഭിമുഖം അരമണിക്കൂര്‍ നീണ്ടു. മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്ത സംഭവമാണ് നടന്നത്. അതില്‍ ഖേദിക്കുന്നു. മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം തൊട്ടുമുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് പി ആര്‍ ഏജന്‍സി പ്രതിനിധി വ്യക്തമാക്കിയിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചു.

ഹിന്ദുവിന്റെ വിശദീകരണം ഇങ്ങനെ; 'മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം എടുക്കാനുള്ള അവസരമൊരുക്കി തരാമെന്ന് പറഞ്ഞ് പി ആര്‍ ഏജന്‍സിയായ കൈസന്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 29ന് കേരള ഹൗസില്‍ ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകയാണ് മുഖ്യമന്ത്രിയെ അഭിമുഖം നടത്തിയത്. പി ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ട അഭിമുഖമാണ് നടത്തിയത്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണക്കടത്തിനെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചും പറഞ്ഞത് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സിയുടെ ഒരു പ്രതിനിധി അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തള്ളിയ, മുഖ്യമന്ത്രിയുടെ പ്രതികരണം ഏജന്‍സിയുടെ പ്രതിനിധി എഴുതി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയായി ആ വരികള്‍ ഉള്‍പ്പെടുത്തിയത് മാധ്യമ ധര്‍മ്മത്തില്‍ വന്ന വീഴ്ചയാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്ന്. ആ തെറ്റില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.'

Tags