തന്നെ തോല്‍പ്പിച്ചത് കൂടെ നിന്നു പറ്റിച്ച കോണ്‍ഗ്രസുകാര്‍,വി.ഡി സതീശന്‍ വായതുറക്കുന്നത് കളളം പറയാനും ഭക്ഷണം കഴിക്കാനും മാത്രം, കണ്ണൂരിലെത്തിയ പത്മജ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു

google news
padmaja venugopal kannur

 കണ്ണൂര്‍:  പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജാ വേണുഗോപാലിന് ആവേശകരമായ സ്വീകരണം. പിതാവ് കെ.കരുണാകരന്റെ ജന്മസ്ഥലമായ കണ്ണൂരിലെത്തിയ പത്മജയ്ക്കു ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. 

കണ്ണൂരിലെത്തിയ പത്മജാ വേണുഗോപാല്‍ എന്‍.ഡി. എ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ബി.ജെ.പിയില്‍ ചേര്‍ന്ന കെ.കരുണാകരന്റെ പുത്രിയെ മുദ്രാവാക്യങ്ങള്‍ വിളികളോടെയും ഹര്‍ഷാരവങ്ങളോടെയുമാണ് എന്‍.ഡി. എ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ പത്മജാ വേണുഗോപാലിനെ പ്രവര്‍ത്തകരും നേതാക്കളും സ്വീകരിച്ചത്. കോണ്‍ഗ്രസിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് പത്മജ അഴിച്ചുവിട്ടത്. 

കൂടെ നടന്നു പറ്റിക്കലാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് അവര്‍ കുറ്റപ്പെടുത്തി. തന്റെ സഹോദരന്‍ കാര്യം ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായ പാവത്തിനെ കുളിപ്പിച്ചു കിടത്തും. തന്നെ തെരഞ്ഞെടുപ്പില്‍ ഇടതും വലതും നിന്ന കോണ്‍ഗ്രസുകാരാണ് കാലുവാരിയത്. മുരളീധരന്റെ പ്രചരണത്തില്‍ നിന്നും ഇപ്പോള്‍ തന്നെ പലരും പിന്‍മാറിയിട്ടുണ്ടെന്നാണ് തനിക്ക് കിട്ടുന്ന വിവരം. 

തന്റെ സഹോദരന്‍ പെട്ടെന്നു പ്രതികരിക്കുന്നയാളാണ് കെ.മുരളീധരന്‍ വൈകാതെ ബി.ജെ.പിയിലേക്ക് വരും. സഹോദരന് വേണ്ടി ചുവപ്പു പരവതാനി വിരിച്ചു കാത്തിരിക്കുകയാണ് താന്‍. ഇനിയും മുഖ്യമന്ത്രിയുടെ മക്കളില്‍ പലരും ബി.ജെ.പിയിലേക്ക് വരാനുണ്ട്. പ്രീയങ്കാ ഗാന്ധിയുടെ സന്ദര്‍ശന സമയത്ത് വാഹനത്തില്‍ കയറാന്‍ താന്‍ പണം നല്‍കിയത് അക്കൗണ്ടു വഴിയാണ്. 

ആരു നിഷേധിച്ചാലും സത്യം മറയ്ക്കാനാവില്ല. കളളം പറയാനും ഭക്ഷണം കഴിക്കാനുമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വായതുറക്കുന്നതെന്നും പത്മജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ കൃത്യമായി ടാക്‌സ് അടയ്ക്കുന്നതാണ്. വൈറ്റ് മണിയാണ് ഇതിനു കൊടുത്തത്. 

എന്റെ ഭര്‍ത്താവിന് കൃത്യമായി നികുതി അടയ്ക്കുന്നതിന് മെഡല്‍ കിട്ടിയിട്ടുണ്ട്. അദ്ദേഹം ആശുപത്രിയില്‍ ജോലി ചെയ്തു കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് നല്‍കിയത്. ഇതൊക്കെ താന്‍ നേരത്തെ പറഞ്ഞതാണ്. കെ.മുരളീധരന് എപ്പോള്‍ വേണമെങ്കിലും തൃശൂരിലെ വീട്ടില്‍ വരാം. കെ.കരുണാകരനെ സ്‌നേഹിക്കുന്ന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാമെന്നും പത്മജ പറഞ്ഞു.

Tags