അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍

google news
amebic

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ അ‍ഞ്ചുവയസുകാരിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലാണ് കുട്ടി ഉള്ളത്. അതേസമയം ആശങ്കയുയര്‍ത്തി നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളും ചെറുതായി ലക്ഷണങ്ങള്‍ കാണിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

എന്നാല്‍, ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പരിശോധന ഫലമറിയാന്‍ ഒരാഴ്ചയെടുക്കുമെങ്കിലും ഇവര്‍ക്കും ചികിത്സ തുടങ്ങിയിട്ടുണ്ട്. രോഗത്തിന് പ്രധാന മരുന്ന് കിട്ടാനുള്ള ശ്രമം നടക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനായി ആരോഗ്യ വകുപ്പ് വിദേശത്തടക്കം ബന്ധപ്പെടുന്നുണ്ട്. 

ഒരാഴ്ച മുമ്പാണ് മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ, വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയത്. 5 ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.