അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി നൽകി; തിരുത്തണം; ദ ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി

The Chief Minister gave a letter to The Hindu newspaper
The Chief Minister gave a letter to The Hindu newspaper

തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതോടെ പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും  പറഞ്ഞ കാര്യങ്ങൾ തെറ്റായി നൽകിയെന്നും തിരുത്തണമെന്നും കത്തിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജാണ് കത്ത് അയച്ചിരിക്കുന്നത്.

The Chief Minister gave a letter to The Hindu newspaper

കത്തിന്റെ പൂർണരൂപം

2024 സെപ്തംബർ 30 ന് ദ ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “CPI(M) has always stridently opposed RSS, other Hindutva forces in Kerala.” എന്ന തലക്കെട്ടോടെയുള്ള അഭിമുഖത്തിൻ്റെ ഉള്ളടക്കം സംബന്ധിച്ച് ഞങ്ങൾക്ക് ഗുരുതരമായ ആശങ്കകളുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടേതെന്ന പേരിൽ ചില കാര്യങ്ങൾ തെറ്റായി വന്ന സാഹചര്യത്തിൽ.

താഴെപ്പറയുന്ന ഭാഗം, മുഖ്യമന്ത്രിയുടെ നിലപാടിനെ തെറ്റായി ചിത്രീകരിച്ചതോടെെ വലിയ വിവാദത്തിന് കാരണമായി.  “ഉദാഹരണത്തിന്, മലപ്പുറം ജില്ലയിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ  150 കിലോ സ്വർണവും 123 കോടിയുടെ ഹവാല പണവും സംസ്ഥാന പൊലീസ് പിടിച്ചെടുത്തു. ഈ പണം ‘രാജ്യവിരുദ്ധ’ത്തിനും ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ക്കുമാണ് കേരളത്തിലേക്ക് വരുന്നത്. നിങ്ങൾ പരാമർശിക്കുന്ന ആരോപണങ്ങൾ സർക്കാരിൻ്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ്.”

മുഖ്യമന്ത്രി ഒരിക്കൽപോലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ല, അഭിമുഖത്തിൽ “രാജ്യവിരുദ്ധം” അല്ലെങ്കിൽ “ദേശവിരുദ്ധ പ്രവർത്തനങ്ങൾ” എന്ന പദങ്ങൾ ഉപയോഗിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടും കേരള സർക്കാരിൻ്റെ നിലപാടും ഈ പ്രസ്താവനകളിലൂടെ പ്രതിഫലിക്കപ്പെടു‌ന്നില്ല. ഈ പ്രസ്താവനകൾ തെറ്റായി നൽകിയത് അനാവശ്യ വിവാദങ്ങൾക്കും തെറ്റായ വ്യാഖ്യാനത്തിനും കാരണമായി.

പത്രപ്രവർത്തനത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയിൽ, ഈ സെൻസിറ്റീവ് വിഷയത്തിൽ വ്യക്തത പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന്, ഈ വിഷയത്തെ ഉടനടിയും പ്രാധാന്യത്തോടെയും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന ഒരു വ്യക്തത പൊതുധാരണ പുനഃസ്ഥാപിക്കുന്നതിനും കൂടുതൽ ദുർവ്യാഖ്യാനങ്ങൾ തടയുന്നതിനും നിർണായകമാകും. എന്നായിരുന്നു കത്തിൽ പറഞ്ഞത്.

Tags