സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചത് തിരിച്ചടിയാകും

സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ ഇടയാക്കുമെന്നതിന് പുറമെ വികസന പ്രവര്‍ത്തനങ്ങളേയും കേന്ദ്ര നിലപാട് പ്രതികൂലമായി ബാധിക്കും. വായ്പയെടുക്കാവുന്ന തുക കൂടി ചേര്‍ത്താണ് ബജറ്റും പദ്ധതികളും തയാറാക്കിയത്. ഇതു കുറയുന്നതോടെ വരുമാനത്തില്‍ വലിയ തരത്തിലുള്ള കുറവാകുമുണ്ടാകുക.
ദൈനംദിന ചെലവുകള്‍ക്കായി തുക കണ്ടെത്തുന്നതിനൊപ്പം ക്ഷേമ പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ളവയെ ഇതു ബാധിക്കുന്നതും സംസ്ഥാനത്തിന് തിരിച്ചടിയാകും. മൂന്നു മാസം ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. ഇതു മാസം തോറും നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും പുതിയ സാഹചര്യത്തില്‍ ഇതും നടപ്പാകില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഡി.എയും കുടിശികയാണ്. ചെലവുകള്‍ വര്‍ധിക്കുകയും വരവ് കുറവുണ്ടാകുകയും ചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും.
ഈ വര്‍ഷം 32,440 കോടിയുടെ കടമെടുപ്പ് പരിധി നിശ്ചയിച്ചെങ്കിലും 15,390 കോടിരൂപയ്ക്ക് മാത്രമാണ് വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 2000 കോടി കഴിഞ്ഞ മാസം വായ്പയെടുത്തു കഴിഞ്ഞു.